c
കൊല്ലം തുറമുഖത്തിന് വൈകാതെ വസന്തകാലം

കൊല്ലം: കൊല്ലം പോർട്ടിന്റെ ശനിദശ വൈകാതെ അവസാനിക്കുമെന്ന പ്രതീക്ഷ ഉയരുന്നു. യാത്രക്കപ്പലുകൾ അടക്കം അടുപ്പിക്കാനുള്ള എമിഗ്രേഷൻ ക്ലിയറൻസ് സംവിധാനമായ എൻട്രി, എക്സിറ്റ് പോയിന്റായി കൊല്ലം തുറമുഖത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കും.

ഇതു ബന്ധപ്പെട്ട് ഈ വർഷം ആദ്യം വകുപ്പ് ഉദ്യോഗസ്ഥർ കൊല്ലം തുറമുഖം സന്ദർശിച്ചിരുന്നു. സംഘം നിർദ്ദേശിച്ച പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ക്രമീകരണം അന്തിമഘട്ടത്തിലാണ്. ഇതുസംബന്ധിച്ച റിപ്പോർട്ട് തുറമുഖ മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ശേഷിക്കുന്ന ക്രമീകരണങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ സാന്നിദ്ധ്യത്തിലും അടുത്തമാസം ആദ്യം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ സാന്നിദ്ധ്യത്തിലും പ്രത്യേക യോഗം ചേരും. എമിഗ്രേഷൻ പോയിന്റായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സുരക്ഷ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ആഭ്യന്തര വകുപ്പിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ആദ്യഘട്ടത്തിൽ പോർട്ടിൽ നിലവിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാകും എമിഗ്രേഷൻ ഓഫീസ് പ്രവർത്തിക്കുക. പോർട്ട് ഗേറ്റ് സമുച്ചയ നിർമ്മാണം പൂർത്തിയാകുമ്പോൾ എമിഗ്രേഷൻ ഓഫീസ് അവിടേക്ക് മാറ്റും.

കൊല്ലം തുറമുഖത്തെത്തുന്ന കപ്പലുകൾക്ക് എമിഗ്രേഷൻ ക്ലിയറൻസ് നൽകാനുള്ള ചുമതല നേരത്തെ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയിരുന്നു. മുനമ്പം മനുഷ്യക്കടത്ത് പുറത്ത് വന്നതോടെ എമിഗ്രേഷൻ നടപടികൾക്കുള്ള വ്യവസ്ഥകൾ പൊലീസ് കൂടുതൽ കർശനമാക്കി. ഇതോടെ ഷിപ്പിംഗ് എജന്റുമാർക്ക് കൊല്ലത്ത് കപ്പലുകൾ അടുപ്പിക്കുന്നതിൽ തീരെ താല്പര്യമില്ലാതായി. വിഴി‌ഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള സാമഗ്രികളും പൈപ്പുകളുമായി ഒന്നരവർഷം മുൻപ് എത്തിയ എം. റെജീനാണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട ഏറ്റവും ഒടുവിലത്തെ കപ്പൽ.