കൊല്ലം: ഒഴിയാബാധയായി മാറുന്ന കർബല ജംഗ്ഷനിലെ റെയിൽവേ മേൽപ്പാലം കേന്ദ്രീകരിച്ചുള്ള സാമൂഹ്യവിരുദ്ധ ശല്യത്തിന് അറുതി വരുത്താൻ കഴിയാതെ പൊലീസ്. ആയിരക്കണക്കിന് പെൺകുട്ടികൾ രാവിലെയും വൈകുന്നേരവും കടന്നുപോകുന്ന ഇവിടം തമ്പടിക്കുന്ന ചിലർ നഗ്നതാ പ്രദർശനമുൾപ്പെടെയുള്ള അതിക്രമങ്ങൾ കാട്ടുന്നത് ചൂണ്ടിക്കാട്ടി ജൂലായ് 9ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് കർബലയിലെ സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിടുമ്പോൾ പതിവ് കലാപരിപാടികളുമായി 'ഞരമ്പ് രോഗികൾ' വീണ്ടും സജീവമായിരിക്കുകയാണ്.
കർബലയിൽ പിങ്ക് പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും കണ്ണൊന്ന് തെറ്റുമ്പോഴാണ് പല വിരുതന്മാരും അവസരം മുതലെടുക്കുന്നത്. പട്ടാപ്പകൽ പോലും സ്ത്രീകൾ സഞ്ചരിക്കുന്ന സമയത്ത് പാലത്തിനടുത്തുള്ള മരങ്ങളുടെ മറവിൽ നിന്ന് അശ്ലീല ചേഷ്ടകളും നഗ്നതാ പ്രദർശനവും കാട്ടുകയാണ് ചിലർ. എന്നാൽ ഭയം മൂലം പലരും പ്രതികരിക്കാതെ പാലം കടന്നുപോകാനാകും ശ്രമിക്കുന്നത്. അശ്ലീല ചേഷ്ടകൾ കാട്ടുന്നവരുടെ ചിത്രം മൊബൈലിൽ പകർത്താൻ ആരെങ്കിലും ശ്രമിച്ചാൽ മരച്ചില്ലകളുടെ ഇടയിലേക്ക് മറയുന്നതാണ് ഇവരുടെ പതിവ്. പാലത്തിന് താഴെയുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സ്ത്രീകൾക്കും ഇത്തരക്കാരിൽ നിന്ന് ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.
സാമൂഹ്യവിരുദ്ധരുടെ ഇത്തരം ചേഷ്ടകൾക്കെതിരെ വാർത്തകൾ വരുമ്പോൾ മാത്രം പേരിന് പട്രോളിംഗ് നടത്തുകയാണ് പൊലീസെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊലീസിന്റെ സാന്നിദ്ധ്യം ഇല്ലാതാകുന്നതോടെ ഇവർ വീണ്ടും സജീവമാകുന്നതാണ് പതിവ്. വൈകുന്നേരങ്ങളിൽ പിങ്ക് പൊലീസ് സ്ഥലത്തുണ്ടെങ്കിലും കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.