ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഇടമൺ-34ൽ പച്ചക്കറി കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശി മുരുകന്(48) നിസാര പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ നാലിനാണ് സംഭവം. തമിഴ്നാട്ടിലെ ആലംകുളത്ത് നിന്ന് കേരളത്തിലേക്ക് പച്ചക്കറി കയറ്റിയെത്തിയ ലോറി ഇടമൺ-34ലെ കുത്തിറക്കം ഇറങ്ങി വരുന്നതിനിടെ റോഡിന്റെ വലത് വശത്തേക്ക് മറിയുകയായിരുന്നു. തുടർന്ന് ലോറിയിൽ നിന്ന് പച്ചക്കറി ച്ചാക്കുകൾ പൊട്ടി തക്കാളി പഴം, സവാള, പച്ചമുളക്, കിഴങ്ങ് തുടങ്ങിയ സാധനങ്ങൾ ദേശീയ പാതയിലേക്ക് വീണ്. ഇതിനിടെ സമീപവാസികൾ തെന്മല പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ജെ.സി.ബി ഉപയോഗിച്ചാണ് ലോറി ഉയർത്തി ഗതാഗതം പുനസ്ഥാപിച്ചത്.