health

ശ്വാസകോശ രോഗങ്ങൾ മിക്കതും കാലക്രമേണ ഹൃദയത്തെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് ശ്വാസകോശ രോഗജന്യ ഹൃദ്രോഗം. അഥവാ കോർപ്പൾ മണേല്ല. സ്ഥായിയായ ശ്വാസംമുട്ടൽ (പുകവലിക്കാർക്കുണ്ടാകുന്ന ശ്വാസംമുട്ടൽ രോഗം) ആസ്ത്‌‌മ, ഐ.എൽ.ഡി, ശ്വാസകോശ രക്തസമ്മർദ്ദം, ക്ഷയരോഗത്തോടും ന്യുമോണിയ മൂലമുണ്ടാകുന്ന ശ്വാസകോശ നശീകരണം (ഫൈബ്രോസിസ്) എന്നിവയെല്ലാം കാഠിന്യമേറുമ്പോൾ ഹൃദയത്തെ ബാധിക്കുകയും ഹൃദയ പ്രവർത്തന പരാജയം സംഭവിക്കുകയും ചെയ്യും.

ഹൃദയത്തിന്റെ വലത് ഭാഗത്തുനിന്ന് രക്തം ശ്വാസകോശത്തിലേക്കും ഇടത് ഭാഗത്തുനിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമാണ് പമ്പ് ചെയ്യുന്നത്. ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുമ്പോൾ വലത് ഭാഗത്തെ ഹൃദയപേശികൾക്ക് ക്ഷീണം സംഭവിക്കുകയും വലത് ഹൃദയ പരാജയം (റൈറ്റ് ഹേർട്ട് ഫെയിലുവർ) എന്ന രോഗാവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ

നടക്കുമ്പോഴുണ്ടാകുന്ന കിതപ്പും ശ്വാസംമുട്ടലുമാണ് ആദ്യലക്ഷണം. രണ്ട് കാലിലും നീര് വരിക,​ വയർ വീർത്ത് വരിക,​ വയറിന്റെ വലത് ഭാഗത്ത് ഭാരം തോന്നുക,​ നെഞ്ചത്ത് ഹൃദയമിടിപ്പ് കാണുക,​ കഴുത്തിൽ ഞരമ്പ് തെളിഞ്ഞ് വരികയും കഴുത്തിൽ വീക്കമുണ്ടാവുകയും ചെയ്യുക എന്നിവയാണ് ശ്വാസകോശ രോഗജന്യ ഹൃദ്രോഹത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

രോഗനിർണയം

ഇ.സി.ജി പരിശോധനയാണ് ഇതിന് ഏറ്റവും അനുയോജ്യം. എക്കോ കാർഡിയോഗ്രാം,​ ഡോപ്ളർ എക്സ്‌‌റേ എന്നിവ രോഗ വിശകലനത്തിന് സഹായിക്കും. രക്തപരിശോധന,​ രക്തത്തിന്റെ ഓക്സിജന്റെ അളവ് പരിശോധന എന്നിവയും വേണ്ടിവന്നേക്കാം. പി.എഫ്.ടി,​ വ്യായാമ പരിശോധന (ട്രസ്‌മിൽ)​,​ സി.ടി സ്കാൻ എന്നിവ ചില അവസരങ്ങളിൽ ആവശ്യമാണ്. ഏതൊക്കെ ടെസ്റ്റുകൾ ചെയ്താലും വിശദമായ രോഗ ചരിത്രവും ശാരീരിക പരിശോധനയും മൂലമാണ് രോഗം ആദ്യം കണ്ടെത്തുക. അത് ഒരിക്കലും ഒഴിവാക്കാനാകാത്തതുമാണ്.

ചികിത്സ

പ്രാഥമിക രോഗത്തിന്റെ ചികിത്സയാണ് ഏറ്റവും പ്രധാനം. ലാസിക്സ് പോലുള്ള, മൂത്രം കൂടുതൽ പോകുന്ന മരുന്നുകൾ രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഹോം ഓക്സിജൻ തെറാപ്പി,​ നിഫിഡിപ്പിൻ,​ ലൈംഗിക ശേഷിക്കുറവിന് നൽകുന്ന വയാഗ്ര എന്നിവയും ഹൃദയത്തിന്റെ വലത് ഭാഗത്ത് പ്രഷർ കുറയ്ക്കാൻ ഉപയോഗിച്ച് വരുന്നു. ഹൃദയത്തിന്റെ ഇടത്തെ അറകളുടെ ചികിത്സയ്ക്ക് കാർഡിയോളജിസ്റ്റും വലത്തെ അറകളുടെ ചികിത്സയ്ക്ക് പൾമണോജിയും ആയിരിക്കുന്നതാണ് നല്ലത്.

ഡോ. കെ. വേണുഗോപാൽ

കൺസൾട്ടന്റ് ഇൻ റെസ്‌‌പിറേറ്ററി മെഡിസിൻ,

ജനറൽ ആശുപത്രി,

ആലപ്പുഴ

ഫോൺ: 9447162224.