photo
കുളവാഴകൾ കൊണ്ട് മൂട്ടപ്പെട്ട കായൽ

കരുനാഗപ്പള്ളി: കായലിൽ കുളവാഴകൾ നിറയുന്നതോടെ അന്നത്തിന് വക കണ്ടെത്താനാകാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വലയുന്നു. പ്രളയ സമയത്ത് മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കുളവാഴകളാണ് മത്സ്യത്തൊഴിലാളികൾക്ക് വിനയായത്. ഇനി ജനുവരിയോടെ മാത്രമേ കുളവാഴയിൽ നിന്ന് കായലിന് മോചനം ലഭിക്കൂ. മഴ മാറിയ സാഹചര്യത്തിൽ കടലിൽ നിന്ന് വേലിയേറ്റത്തിൽ ഉപ്പുവെള്ളം കായലിലേക്ക് ഒഴുകിയെത്തിയാൽ മാത്രമേ കുളവാഴകൾ നശിക്കുകയുള്ളൂവെന്ന് മത്സ്യത്തൊഴിലാളിയായ ശ്യാംകുമാർ പറയുന്നു.

സാധാരണ നീട്ടുവലയും കോരു വലയും ഉപയോഗിച്ചാണ് ഇവിടങ്ങളിലുള്ള കായലുകളിൽ മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കുന്നത്. കായലിന്റെ മേൽഭാഗത്ത് പായൽ മൂടപ്പെട്ടതോടെ വലകൾ നീട്ടാൻ കഴിയുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വള്ളങ്ങളിൽ എത്തുന്ന നീട്ടു വലക്കാർ രാത്രിയും കോരുവലക്കാർ പകലുമാണ് മത്സ്യബന്ധനം നടത്തുന്നത്. തേവലക്കര, അരിനല്ലൂർ, കോയിവിള. അഴീക്കൽ,വള്ളിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന 100 ഓളം മത്സ്യത്തൊഴിലാളികളാണ് കായലുകളിൽ മത്സ്യബന്ധനം നടത്തി അന്നത്തിന് വക കണ്ടെത്തുന്നത്. കാറും കോളും ഉള്ളപ്പോഴും ഇവർ കായലിൽ മത്സ്യബന്ധനം നടത്തുമായിരുന്നു. എന്നാൽ കുളവാഴകൾ വില്ലനായതോടെയാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയത്. ഇനി കടലിൽ നിന്നും ഉപ്പ് വെള്ളം കായലിലേക്ക് വന്നെത്തുന്ന ജനുവരി മാസം വരെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

തേവലക്കര, അരിനല്ലൂർ, കോയിവിള. അഴീക്കൽ,വള്ളിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന 100 ഓളം മത്സ്യത്തൊഴിലാളികളാണ് കായലുകളിൽ മത്സ്യബന്ധനം നടത്തി അന്നത്തിന് വക കണ്ടെത്തുന്നത്.

കക്ക വാരൽത്തൊഴിലാളികൾ

കായലിനെ ആശ്രയിച്ച് ജീവിക്കുന്ന കക്ക വാരൽത്തൊഴിലാളികളുടെ ജീവിതവും പരുങ്ങലിലാണ്. മഴ കഴിഞ്ഞ സമയമായതിനാൽ കൊഞ്ച്, ഞണ്ട്, കരിമീൻ, പ്രാച്ചി, പള്ളത്തി, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങൾ സുലഭമായി ലഭിക്കുമായിരുന്നു. കായലിൽ വല നീട്ടാൻ കഴിയാത്തതിനാൽ ഈ മത്സ്യസമ്പത്ത് പൂർണമായും നഷ്ടപ്പെടാനാണ് സാദ്ധ്യത.

മത്സ്യ തൊഴിലാളികൾ പുതിയ മേഖല തേടുന്നു

ടി.എസ്. കനാൽ, പള്ളിക്കലാറ്, കൊതിമുക്ക് വട്ടക്കായൽ എന്നിവിടങ്ങളിലെല്ലാം കുളവാഴ നിറഞ്ഞ് കിടക്കുകയാണ്. എല്ലാ വർഷവും മഴ സീസണിൽ കുളവാഴയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി കായലുകൾ പൂർണമായും കുളവാഴകൾ കൈയടക്കിയതാണ് മത്സ്യത്തൊഴിലാളികൾക്ക് വിനയായത്. കുളവാഴകൊണ്ട് കായലുകളുടെ മേൽഭാഗം മൂടപ്പെട്ടതോടെ വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തി മത്സ്യബന്ധനം നടത്തുന്ന മത്സ്യ തൊഴിലാളികൾ പുതിയ മേഖല തേടി പോയി.