criminal
പിടിയിലായ പ്രതികൾ

കൊല്ലം: മുൻവൈരാഗ്യം വച്ച് യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിലായി. പേരയം കുരിശടി ജംഗ്ഷന് സമീപം താമസിക്കുന്ന സജു സാംസണെ ആക്രമിച്ച കേസിലാണ് മൂന്നും നാലും അഞ്ചും പ്രതികളായ പെരിനാട് നന്തിരിക്കൽ പള്ളിക്ക് സമീപം വിനു ഭവനിൽ വിപിൻ (21), തഴുത്തല ഉമയനല്ലൂർ പേരയം പി.കെ. ജംഗ്ഷൻ ജ്യോത്സ്ന ഡെയ്ലിൽ മാക്‌സ്‌വെൽ (21), മയ്യനാട്‌ ചൂരപ്പൊയ്ക പുല്ലിച്ചിറ ജോസ് കോട്ടജിൽ ജിബിൻ (22) എന്നിവരെ കുണ്ടറ പൊലീസ് പിടികൂടിയത്.

സജു സാംസന്റെ സുഹൃത്തായ ജിം ട്രെയ്നറെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരായി പൊലീസിൽ മൊഴി കൊടുത്തതിലുള്ള വിരോധമായിരുന്നു ആക്രമണത്തിന് കാരണം. കഴിഞ്ഞ 10ന് സജു ബൈക്കിൽ യാത്ര ചെയ്ത് വരുമ്പോൾ പ്രതികൾ സംഘം ചേർന്ന് തടഞ്ഞു നിറുത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും വാളെടുത്തു വീശുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കുണ്ടറ എസ്.ഐമാരായ വിദ്യാധിരാജ്, ജയകുമാർ, എസ്.സി.പി.ഒമാരായ സതീശൻ, കബീർ, സി.പി.ഒമാരായ റിജു രാജേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.