കരുനാഗപ്പള്ളി : കരിമണലിന്റെ നാട്ടിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. ചെറിയഴീക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്. സംഘാടക സമിതി ജനറൽ കൺവീനർ വി. പ്രകാശ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് തുടക്കമായി. ആർ. രാമചന്ദ്രൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയൽ താരം രാജേഷ് ഭദ്രദീപം തെളിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന അദ്ധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് പി. സതീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ ടി. രാജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. സഞ്ജീവ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെർളി ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ. ബിനുമോൻ, സുഹാസിനി, രാജേഷ് ലാൽ, രാംകുമാർ, സിബി ബോണി, പ്രിയമാലിനി, കരയോഗം സെക്രട്ടറി കനകൻ, ദീപ്തി തുടങ്ങിയവർ സംസാരിച്ചു. കരുനാഗപ്പള്ളി ഉപജില്ലയിലെ 72 സ്കൂളുകളിൽ നിന്നെത്തിയ 3250ൽ അധികം കുട്ടികളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. 100 ഓളം ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. ചെറിയഴീക്കൽ ജി.വി.എച്ച് എസ്.എസ് കൂടാതെ ശങ്കരനാരായണാ ഓഡിറ്റോറിയം, കെ.വി.കെ.വി.എം.യു.പി.എസ്, ഗവ. എൽ.പി.എസ് ചെറിയഴീക്കൽ, വിജ്ഞാന സന്ദായിനി ഗ്രന്ഥശാല, കരയോഗം ഹാൾ എന്നിവിടങ്ങളിൽ തയ്യാറാക്കിയ വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 14 ന് വൈകിട്ട് 4ന് നടത്തുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ബി. സഞ്ജീവ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ സമ്മാനദാനം നിർവഹിക്കും.