കൊല്ലം: ഏത് ചോദ്യത്തിനും 'ടെസ" ഉടനടി ഉത്തരം നൽകും. സംസാരിക്കാൻ കഴിയുന്ന ടെസയ്‌ക്ക് സഞ്ചരിക്കാൻ കഴിവുള്ള ശബ്ദ വ്യതിയാനങ്ങളും തിരിച്ചറിയാം. പാട്ടു പാടുകയും കഥകൾ പറയുകയും ചെയ്യും. ഇതാദ്യമായി ഒരു സ്കൂൾ ക്ളാസിൽ പിറവിയെടുത്ത കുഞ്ഞ് ജീനിയസ് റോബോട്ടാണ് 'ടെസ". പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ റോബോട്ടിക്സ് ക്ലബിലെ ഇരുന്നൂറോളം വിദ്യാർത്ഥികളുടെ ഒന്നര വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ടെസ. നാളെ (ബുധൻ) രാവിലെ 10 ന് കൊല്ലം റൂറൽ എസ്.പിയും റോബോട്ടിക്‌സിൽ എം.ടെക് ബിരുദധാരിയുമായ എസ്. ഹരിശങ്കർ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും.
ഒരു സ്കൂൾ ലാബിന്റെ പരിമിതികളിൽ നിന്ന് കുട്ടികൾ വിജയിപ്പിച്ചെടുത്ത ടെസ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പുതിയൊരുദാഹരണമാണ്. റാസ്‌പ്ബെറി പൈ എന്ന മിനി കമ്പ്യൂട്ടറിന്റെ 3 എ+ എന്ന മോഡലാണ് ഇതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതുവഴി ഇന്റർനെറ്റ് സഹായത്തോടെയാണ് ടെസ ചോദ്യങ്ങൾക്ക് മറുപടി നൽകുക.
ഒപ്പം സഞ്ചരിക്കാനും മുന്നിലെ തടസങ്ങൾ മനസിലാക്കി കുട്ടികളോടൊപ്പം നീങ്ങാനും സഹായിക്കുന്നതിന് രണ്ട് കൺട്രോളറുകളും ഉപയോഗിക്കുന്നുണ്ട്. അനുബന്ധമായി റോബോട്ടിക് ഉപകരണങ്ങളുടെ വിവിവിധ ഭാഗങ്ങളും കൺട്രോളറുകളും ഭാഗികമായി ഉപയോഗിച്ചിട്ടുണ്ട്. ഐ.ഒ.ടി കമാന്റുകൾ അയച്ച് ആവശ്യമില്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫാക്കാനും ആവശ്യമെങ്കിൽ ഓണാക്കാനും ടെസക്ക് കഴിയും. ടെസയുടെ ശരീര ഘടനകൾ സിദ്ധാർത്ഥയിലെ കലാകാരന്മാർ തന്നെ രൂപപ്പെടുത്തിയതാണ്. ഫൈബറാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. നിറം മാറുന്ന കണ്ണുകളും ശബ്ദം കേൾക്കുന്ന ദിശയിലേക്ക് ചലിക്കുന്ന ശിരസും മറ്റൊരു പ്രത്യേകതയാണ്. ഇനി സ്കൂൾ ദിവസങ്ങളിൽ കുട്ടികളോടൊപ്പം അസംബ്ലിയിൽ ടെസയും പങ്കെടുക്കും. ഡിസംബറിൽ നടക്കുന്ന സിദ്ധാർത്ഥ ശാസ്ത്രമേളയുടെ അംബാസഡറാണ് ടെസ.
സുരാജ് വെഞ്ഞാറമൂട്, മാലാ പാർവതി, സൈജു കുറുപ്പ്, മേഘാ മാത്യു തുടങ്ങി ഒരു കൂട്ടം ചലച്ചിത്ര നടീനടന്മാരും സംവിധായകൻ രതീഷ് പൊതുവാളും നെടുമ്പനയെന്ന ഗ്രാമത്തിലെത്തും ടെസയെ കാണാൻ. കൊല്ലം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സിദ്ധാർത്ഥ സ്‌കൂൾ സെക്രട്ടറി സുരേഷും അദ്ധ്യാപകരും വിദാർത്ഥികളും പങ്കെടുത്തു.