കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ പെൻഷനുമായി ബന്ധപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ എം.പി വിളിച്ചു ചേർത്ത ഇ.പി.എഫ് അദാലത്തിൽ 175 അപേക്ഷകൾ തീർപ്പാക്കി. പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നത് ദീർഘനാളായി നിയമപ്രശ്നങ്ങളിൽപ്പെട്ട് പരിഹാരമില്ലാതെ തുടർന്ന സാഹചര്യത്തിൽ എം.പി യുടെ ആവശ്യപ്രകാരമാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ കശുഅണ്ടി തൊഴിലാളികളുടെ അദാലത്ത് വിളിച്ചുചേർത്തത്. ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ നടന്ന അദാലത്തിൽ 560 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ജനനത്തീയതിയും പേരുമാറ്റവുമായി ബന്ധപ്പെട്ട 175 അപേക്ഷകളാണ് തീർപ്പാക്കിയത്. പത്ത് വർഷം പൂർത്തിയായതും നിശ്ചിത ഹാജരുമില്ലാതിരുന്ന ഗിരിജ, ലീല എന്നീ രണ്ട് തൊഴിലാളികളുടെ പെൻഷൻ അനുവദിച്ച് അദാലത്തിൽ ഉത്തരവായി. പത്ത് വർഷം സർവീസ് പൂർത്തിയാക്കിയതും നിശ്ചിത ഹാജരില്ലാത്തതിനാൽ പെൻഷൻ നിഷേധിച്ചതുമായ തൊഴിലാളികളുടെ അപേക്ഷകളാണ് പരിഗണിച്ചതിൽ ഏറെയും. ജനന തീയതിയിലെ വ്യത്യാസം, ആധാർ കാർഡിലെയും ഇ.പി.എഫ് രേഖകളിലെയും വിവരങ്ങൾ തമ്മിലുള്ള പൊരുത്തക്കേട്, പേരിലെ മാറ്റം തുടങ്ങി ഇന്നലെ ലഭിച്ച 200 അപേക്ഷകളിൽ നടപടി സ്വീകരിക്കുമെന്നും ഇ.പി.എഫ് അധികൃതർ അറിയിച്ചു. പേര് തിരുത്തുന്നത് സംബന്ധിച്ച അപേക്ഷകളിൽ വിവര സമാഹരണത്തിന് ബന്ധപ്പെട്ട തൊഴിലുടമയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. അദാലത്തിൽ ലഭിച്ച അപേക്ഷകൾക്ക് പ്രത്യേക പരിഗണന നൽകി സമയബന്ധിതമായി തീർപ്പാക്കും.
ഇതാദ്യമായാണ് ഇ.പി.എഫ് ഓഫീസിന് പുറത്ത് ഒരു ജനകീയ അദാലത്തിലൂടെ കശുഅണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്. ദീർഘകാലമായി പരിഹാരമില്ലാതിരുന്ന അപേക്ഷകളിൽ ലഭിച്ച ആശ്വാസകരമായ ഉത്തരവുകളുടെ സാക്ഷ്യപത്രവുമായാണ് അദാലത്തിൽ പങ്കെടുത്ത തൊഴിലാളികൾ മടങ്ങിയത്. പങ്കാളിത്തം കൊണ്ടും പരിഹാരം കൊണ്ടും വിജയകരമായ അദാലത്ത് തുടർന്നും സംഘടിപ്പിച്ച് തൊഴിലാളികളുടെ ഇ.പി.എഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കണ്ടെത്തുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
തൊഴിലാളി സംഘടനാ നേതാക്കളായ കല്ലട പി. കുഞ്ഞുമോൻ, മംഗലത്ത് രാഘവൻനായർ, കോതേത്ത് ഭാസുരൻ, പെരിനാട് മുരളി, ടി.സി.വിജയൻ, സജി ഡി. ആനന്ദ്, ജി. ബാബു മുഖത്തല, എഴുകോൺ സത്യൻ, റോബർട്ട്, ചിറക്കര ശശി, ജെമീർലാൽ തുടങ്ങിയവരും റീജിയണൽ പി.എഫ് കമ്മിഷണർ എം. രവി, അസിസ്റ്റന്റ് കമ്മിഷണർ ബി.ടി. സതീഷ്‌കുമാർ, അക്കൗണ്ട്സ് ഓഫീസർ എം.എൻ. തോമസ്, എൻഫോഴ്സ്‌മെന്റ് ഓഫീസർമാരായ എ.ജെ. വിനോദ്, മാജി ജി. കൃഷ്ണൻ, പി.ആർ.ഒ വിക്രമൻ, കെയർ ടേക്കർ കെ.എസ്. അശോക് കുമാർ, എസ്.എസ്.എ ശോഭനകുമാരി, ലക്ഷ്മി, അബ്ദുൽ റസാഖ്, ശ്രീകുമാർ, ജോൺ തോമസ് തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.
10 വർഷമായവർക്ക്
ഇ.പി.എഫ് പെൻഷൻ
പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ കശുഅണ്ടി തൊഴിലാളികൾക്ക് ഇ.പി.എഫ് പെൻഷൻ അനുവദിക്കാൻ തീരുമാനമായതായി എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇ.പി.എഫ് അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശുഅണ്ടി തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നീക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്റിലും കേന്ദ്രമന്ത്റി വിളിച്ചുചേർത്ത യോഗത്തിലും ഇ.പി.എഫ് ഒ യിലും ആവശ്യപ്പെട്ടിരുന്നു. 10 വർഷം സർവീസ് പൂർത്തിയാക്കിയ കശുഅണ്ടി തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുമെന്ന് മന്ത്റിതല യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. എം.പിയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് 10 വർഷം സർവീസ് പൂർത്തിയാക്കിയ കശുഅണ്ടി തൊഴിലാളികൾക്ക് ഹാജർ നില പരിഗണിക്കാതെ പെൻഷൻ അനുവദിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.