amirtha
ലോക സർവകലാശാല റാങ്കിംഗിൽ ഇന്ത്യയിലെ ഒന്നാം നമ്പർ സ്വകാര്യ യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട അമൃത വിശ്വ വിദ്യാപീഠത്തിനുള്ള ബഹുമതി പത്രം ലണ്ടനിലെ ടൈംസ് ഉന്നത വിദ്യാഭ്യാസ ചീഫ് ഡാറ്റാ ഓഫീസർ ഡങ്കൺ റോസ് മാതാ അമൃതാനന്ദമയിക്ക് കൈമാറുന്നു.

കൊല്ലം : അമൃത വിശ്വ വിദ്യാപീഠത്തിന് ലോക സർവകലാശാല റാങ്കിങിൽ ഇന്ത്യയിലെ ഒന്നാം നമ്പർ സ്വകാര്യ യൂണിവേഴ്‌സിറ്റി എന്ന ബഹുമതി ലഭിച്ചു. ലണ്ടനിലെ ടൈംസ് ഉന്നത വിദ്യാഭ്യാസ ചീഫ് ഡാറ്റാ ഓഫീസർ ഡങ്കൺ റോസാണ് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്.
എൻജിനീയറിംഗ്, സാങ്കേതിക രംഗത്തും അമൃതയെ ഇന്ത്യയിലെ ഒന്നാം നമ്പർ സർവകലാശാലയായി 2020ലെ ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ തിരഞ്ഞെടുത്തിട്ടുണ്ട്. 92 രാജ്യങ്ങളിലെ 1400 യൂണിവേഴ്‌സിറ്റികൾ ഇതിൽ ഉൾപ്പെടുന്നു. അദ്ധ്യയന രീതി, ഗവേഷണം, അറിവിന്റെ പങ്കുവയ്ക്കൽ രാജ്യാന്തര കാഴ്ചപ്പാട് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.
അമൃത ലൈവ്-ഇൻ-ലാബ്‌സ്, അമൃത ശ്രീ പരിപാടികളെ അടിസ്ഥാനമാക്കി ലോകത്ത് സാമൂഹ്യ, സാമ്പത്തിക രംഗത്ത് നൽകിയ സംഭാവനകൾക്ക് അമൃതയെ ലോകത്തെ ഏറ്റവും മികച്ച 300 യൂണിവേഴ്‌സിറ്റികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള വിദ്യാഭ്യാസ ഭൂപടത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്നതിന് വഴിയൊരുക്കിയ ലോകോത്തര നിലവാരം കൈവരിച്ച സ്ഥാപനമായി അമൃതയെ ഇന്ത്യൻ സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ട്.