കൊല്ലം : എല്ലാവരെയും ഒരേ പോലെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ച അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതചര്യ പുതിയ തലമുറ മാതൃകയാക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. ജമാഅത്ത് ഫെഡറേഷൻ താലൂക്ക് കമ്മറ്റി നടത്തിയ നബിദിന മഹാ സമ്മേളനം കൊല്ലം ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന്റെ ഏകപക്ഷിയമായ നിയമ നിർമ്മാണങ്ങൾ മതേതര ജനാധിപത്യ വിശ്വാസങ്ങളെ തകർക്കുന്നതാണ്. പാർലമെന്റിൽ വിശദമായ വിശദമായ പഠനങ്ങൾക്ക് അവസരം നൽകാതെ നടക്കുന്ന നിയമ നിർമ്മാണങ്ങൾ രാജ്യത്തിന്റെ മതേതര ജനാധിപത്യ നീതിന്യായ വ്യവസ്ഥകളെ ചോദ്യം ചെയ്യന്ന രീതിയാണ് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്. ബാബറി കേസ് വിധി ഏറെ വേദനിപ്പിച്ചെങ്കിലും പരമോന്നത കോടതി വിധിയെ മാനിക്കുവെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ എ.കെ. ഉമർ മൗലവി അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി സി.എ. മൂസാ മൗലവി നബിദിന സന്ദേശം നൽകി. എം. നൗഷാദ് എം.എൽ.എ., കർബല ട്രസ്റ്റ് പ്രസിഡന്റ് എ. ഷാനവാസ് ഖാൻ, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, മൈലക്കാട് ഷാ, എം.എ. സമദ്, എ.കെ. ഹഫീസ്, തൊടിയിൽ ലുഖ് മാൻ, ജോനകപ്പുറം എസ്. നാസറുദ്ദീൻ, മേക്കോൺ അബ്ദുൽ അസീസ്, ടി.എം. ഇക്ബാൽ, കുഴിവേലിൽ നാസിറുദ്ദീൻ, കണ്ണനെല്ലൂർ നിസാമുദ്ദീൻ, മാർക്ക് അബ്ദുൽ സലാം, കരുവായിൽ ഉമറുദ്ദീൻ, അഡ്വ. റിയാസ്, ഹാഫിസ് അനസ് ഖാസിമി, തുടങ്ങിയവർ പ്രസംഗിച്ചു.