ksrtc-clipart

പരവൂർ: പരവൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഒന്നൊന്നായി പിൻവലിക്കുന്നതായി ആരോപണം. സർവീസുകൾ നിലച്ചതോടെ സ്വകാര്യബസുകളെയും ഓട്ടോ റിക്ഷകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. അതേസമയം ലാഭമുണ്ടായിരുന്ന സർവീസുകളാണ് പിൻവലിച്ചതിൽ ഭൂരിപക്ഷവുമെന്ന ആരോപണവും ഉണ്ട്.

നിലവിൽ പരവൂർ നിന്ന് ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് പോലും സർവീസ് നടത്തുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മെഡിക്കൽ കോളേജ്‌ ആശുപത്രി, റീജിയണൽ കാൻസർ സെന്റർ എന്നിവിടങ്ങളിലേക്കുള്ള രോഗികളുൾപ്പെടെയുള്ള യാത്രക്കാർ ആശ്വാസമായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസും പൊടുന്നനെ നിറുത്തലാക്കുകയായിരുന്നു.

പരവൂർ വഴി കടന്നുപോകുന്ന കുണ്ടറ - വർക്കല ചെയിൻ സർവീസ് മാത്രമാണ് ഇപ്പോൾ ആകെയുള്ളത്. ഇതിനാകട്ടെ രാത്രി ഏഴ് മണി കഴിഞ്ഞാൽ സർവീസ് ഇല്ല. രാത്രിയാകുന്നതോടെ പരവൂരിൽ നിന്ന് എവിടേക്കും പോകാനാകാത്ത സ്ഥിതിയാണ്. പരവൂരിൽ നിന്ന് രാത്രികാലങ്ങളിൽ ചാത്തന്നൂർ, പാരിപ്പള്ളി, പൂതക്കുളം, ഊന്നിൻമൂട്, കലയ്ക്കോട്, നെല്ലേറ്റിൽ, ഹരിഹരപുരം തുടങ്ങി എവിടെ പോകാനും ഓട്ടോറിക്ഷ പിടിക്കേണ്ട ഗതികേടാണ്. ബസ് സർവീസ് ഉണ്ടായിരുന്നെങ്കിൽ എട്ട് മുതൽ പത്ത് രൂപ നൽകിയാൽ മതിയായിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ നൂറ് മുതൽ ഇരുന്നറ്റമ്പത് രൂപവരെ നൽകേണ്ട സ്ഥിതിയാണ്.

 നിറുത്തലാക്കിയവയിൽ പലതും പരവൂരുകാർക്ക് ആശ്രമമായിരുന്നവ

 കുണ്ടറ - പരവൂർ ചെയിൻ സർവീസ്

 പരവൂർ പൊഴിക്കര - കൊല്ലം - തിരുമുല്ലവാരം

 രാവിലെ 6.45നുള്ള പൊഴിക്കര - എറണാകുളം ഫാസ്റ്റ് പാസഞ്ചർ

 പൊഴിക്കര - ആലുവ ഫാസ്റ്റ് പാസഞ്ചർ