c
സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് തൊഴിലാളി പ്രകടനം, സമ്മേളനം

കൊല്ലം: തൊഴിലാളികളുടെ സമരഐക്യം ശക്തിപ്പെടുത്തുകയെന്ന സന്ദേശം ഉയർത്തി സി.ഐ.​ടി.യു ജില്ലാ സമ്മേളനത്തിന് പ്രൗഢ ഗംഭീര തുടക്കം. സി.കേശവൻ സ്മാരക ടൗൺ ഹാളിൽ സജ്ജമാക്കിയ ഇ.കാസിം നഗറിൽ ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് പതാക ഉയർത്തിതോടെ രണ്ട് ദിവസത്തെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി.

സമ്മേളനം സി.ഐ.​ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. എം.ഇക്ബാൽ കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും വൈകിട്ട് പൊതുചർച്ചയും നടന്നു. പ്രതിനിധി സമ്മേളനത്തിൽ സി.ഐ.​ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയായ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സുദേവൻ, എൻ.പത്മലോചനൻ, വി.ശിവൻകുട്ടി, വൈസ് പ്രസിഡന്റുമാരായ പി.ജെ.അജയകുമാർ, നെടുവത്തൂർ സുന്ദരേശൻ എന്നിവർ പങ്കെടുത്തു.

ജില്ലയിലെ വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് 500 പ്രതിനിധികളും 15 സൗഹാർദ്ദ പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സ്വാഗതസംഘം ചെയർമാൻ ഇ.ഷാനവാസ്ഖാൻ സ്വാഗതം പറഞ്ഞു. മുരളി മടന്തകോട് രക്തസാക്ഷി പ്രമേയവും കരിങ്ങന്നൂർ മുരളി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഇന്ന് രാവിലെ പൊതുചർച്ച തുടരും. തുടർന്ന് ചർച്ചയ്ക്ക് മറുപടി, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, ജില്ലാ കൗൺസിൽ, ജില്ലാ കമ്മി​റ്റി തിരഞ്ഞെടുപ്പ്, ക്രഡൻഷ്യൽ റിപ്പോർട്ട് എന്നിവ നടക്കും. വൈകിട്ട് മൂന്നിന് ആശ്രാമം മൈതാനത്തു നിന്ന് അരലക്ഷം പേർ പങ്കെടുക്കുന്ന തൊഴിലാളി പ്രകടനംആരംഭിച്ച് ക്യൂ.എ.സി മൈതാനത്തെ ​ടി.വേണഗോപാൽ നഗറിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം സി.ഐ.​ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരിം എം.പി ഉദ്ഘാടനം ചെയ്യും.