കൊല്ലം: കൊല്ലം- ചെങ്ങന്നൂർ ചെയിൻ സർവീസ് നടത്തുന്ന കെ. എസ്.ആർ.ടി.സി ബസുകളിൽ ചിലത് കൊച്ചാലുംമൂട്ടിൽ നിന്ന് മാവേലിക്കര ചെറുകോൽ ശുഭാനന്ദാശ്രമം- മാന്നാർ- ചങ്ങനാശ്ശേരി വഴി സർവീസ് നടത്തണമെന്ന ആവശ്യമുയരുന്നു.
അഞ്ചാലുംമൂട്, കുണ്ടറ, ഭരണിക്കാവ്, ചാരുംമൂട്, കൊച്ചാലുംമൂട് വഴി ചെങ്ങന്നൂരിലെത്തുന്നതാണ് നിലവിലുള്ള സർവീസ്. കൊല്ലം ഡിപ്പോയിൽ നിന്ന് 20 മിനിറ്റ് ഇടവിട്ടാണ് ചെയിൻ സർവീസ്. എന്നാൽ ഭരണിക്കാവ്, ചാരുംമൂട് ഭാഗത്തെത്തുമ്പോൾ റെയിൽവെ ക്രോസിംഗിലുണ്ടാകുന്ന തടസ്സം മൂലം ആദ്യം പോയ ബസും 20 മിനിറ്റിന് ശേഷം പുറപ്പെടുന്ന ബസും ഇവിടെ നിന്ന് ഒന്നിച്ച് പോകുന്ന സ്ഥിതിയാണ്. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് ചെയിൻ സർവീസിലെ ചില ബസുകൾ മാവേലിക്കര ചെറുകോൽ ശുഭാനന്ദാശ്രമം- മാന്നാർ- ചങ്ങനാശ്ശേരി വഴി തിരിച്ചു വിടണമെന്ന ആവശ്യം ഉയരുന്നത്. ഇങ്ങനെ തിരിച്ചു വിട്ടാൽ കുറെ യാത്രക്കാർക്ക് കൂടി അത് പ്രയോജനപ്പെടുമെന്ന് ശുഭാനന്ദാശ്രമം കൊല്ലം മനയിൽകുളങ്ങര ശാഖാ പ്രതിനിധി മൺറോതുരുത്ത് തങ്കപ്പൻ കെ.എസ്.ആർ.ടി.സി ദക്ഷിണ മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർ ബി.അനിൽകുമാറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.