കൊല്ലം: മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കാൻ ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച കബഡി, വോളിബോൾ ദേശീയ ടൂർണമെന്റ് കെ ഫോർ കെ സമാപിച്ചു. ഞായറാഴ്ച പുലർച്ചെ വരെ നീണ്ട മത്സരങ്ങളിൽ കേരളത്തിന്റെ പുരുഷ വനിതാ ടീമുകൾ വോളിബോൾ കിരീടങ്ങൾ സ്വന്തമാക്കി. കബഡിയിൽ ഇരു വിഭാഗത്തിലുമായി ബാംഗ്ലൂർ, മാംഗ്ലൂർ ടീമുകളാണ് കപ്പ് നേടിയത്.
കോരിച്ചൊരിഞ്ഞ മഴകാരണം, രാത്രി 9 മണിയോടെയാണ് ഫൈനലുകൾക്ക് തുടക്കമായത്. കബഡി മത്സരങ്ങൾ ആദ്യം തുടങ്ങി. പുരുഷ വിഭാഗത്തിൽ കേരള പൊലിസിനെ 32-16ന് കീഴടക്കി എം. ഇ. ജി. ബാംഗ്ലൂർ വിജയിച്ചു. വനിതാ വിഭാഗത്തിൽ കേരളത്തെ 35-14 ന് തകർത്താണ് അൽവാസ് മാംഗ്ലൂർ വിജയം നേടിയത്.
പിന്നാലെ നടന്ന വനിതാ വോളിബോളിൽ ഏകപക്ഷീയമായ രണ്ട് സെറ്റിന് കേരള പൊലീസ് സെന്റ് ജോസഫ് ഇരിങ്ങാലക്കുടയെ കീഴടക്കി. (സ്‌കോർ 25-13, 21-25).
പുരുഷ വോളിബോൾ ഫൈനലിൽ കേരള പൊലീസ് കെ. എസ്. ഇ. ബിയെ 17-25, 25-18, 25-17, 19-25, 13-15 ന് തോൽപിച്ച് കെ ഫോർ കെ കിരീടം ചൂടി.
വിജയികൾക്ക് ജില്ലാ ജഡ്ജി എസ്. എച്ച്. പഞ്ചാപകേശൻ ട്രോഫികൾ സമ്മാനിച്ചു. എം. നൗഷാദ് എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, ചലച്ചിത്ര താരം നൂറിൻ ഷെറീഫ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, അർജ്ജുന അവാർഡ് ജേതാവ് കെ. സി. ഏലമ്മ, ബോക്സിംഗ് താരം കെ. സി. ലേഖ, എ. ഡി. എം. പി. ആർ. ഗോപാലകൃഷ്ണൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ. രാമഭദ്റൻ തുടങ്ങിയവർ പങ്കെടുത്തു. സേഫ് കൊല്ലത്തിന്റേതടക്കം വൊളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകൾ നൽകി. മത്സരങ്ങൾക്ക് മുന്നേ ഫ്ളാഷ് മോബ് ഉൾപ്പടെ കലാപരിപാടികളും നടന്നു.