kollam-port
കൊല്ലം പോർട്ട്

 ചർച്ചയുമായി മൂന്ന് കമ്പനികൾ  ഐ.ഒ.സി സംഘം സന്ദർശിച്ചു

കൊല്ലം: കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് കപ്പലുകളിൽ ഇന്ധനം നിറയ്ക്കാനുള്ള (ബങ്കറിംഗ്) സാദ്ധ്യത പ്രയോജനപ്പെടുത്താൻ എണ്ണക്കമ്പനികൾ രംഗത്ത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) അടക്കം മൂന്ന് കമ്പനികൾ തുറമുഖ ഡയറക്ടറേറ്റുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. ഐ.ഒ.സി സംഘം അടുത്തിടെ പോർട്ട് സന്ദർശിക്കുകയും ചെയ്തു.

അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നവയിലൊന്നാണ് കൊല്ലം തുറമുഖം. അതുകൊണ്ട് തന്നെ ഇന്ധനം നിറയ്ക്കാനായി കപ്പലുകൾക്ക് വേഗത്തിൽ അടുപ്പിക്കാമെന്ന പ്രത്യേകതയുണ്ട്. കൊല്ലത്ത് നങ്കൂരമിടാൻ കഴിയാത്ത ഭീമൻ കപ്പലുകൾക്ക് ടഗിൽ ഇന്ധനം നിറച്ച് ഉൾക്കടലിൽ വച്ച് കൈമാറുകയും ചെയ്യാം.

തുറമുഖവുമായി കരാറിൽ ഏർപ്പെടുന്ന കമ്പനികൾ തന്നെ ഡീസൽ സംഭരിക്കാനുള്ള സംവിധാനവും ഒരുക്കേണ്ടിവരും. സംഭരണികൾ ഡീസൽ നിറച്ച് തുറമുഖ അധികൃതർക്ക് കൈമാറും. തുറമുഖം നേരിട്ടാകും കപ്പലുകൾക്ക് ഇന്ധനം വിൽക്കുക.

ചരക്കുമായി കപ്പലുകൾ എത്താത്തതിനാൽ കൊല്ലം തുറമുഖത്തിന് ഇപ്പോൾ കാര്യമായി വരുമാനമില്ല. അറ്റകുറ്റപ്പണിക്കായി അടുപ്പിക്കുന്ന കപ്പലുകളിൽ നിന്നുള്ള ചെറിയ വരുമാനമേ ഇപ്പോഴുള്ളു. ബങ്കറിംഗിലൂടെ എണ്ണക്കമ്പനികളിൽ നിന്നും കപ്പലുകളിൽ നിന്നും പോർട്ടിന് വൻതുക വരുമാനമുണ്ടാകും.

 സ്വപ്നങ്ങൾ സഫലമാക്കാൻ സ്പെഷ്യൽ ഓഫീസർ

ലക്ഷദ്വീപിലേക്ക് യാത്രാകപ്പൽ സർവീസ് ആരംഭിക്കാനും വിവിധയിടങ്ങളിലേക്ക് ചരക്ക് നീക്കം നടത്താനും ആലോചനകളുണ്ടെങ്കിലും ഒന്നും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. ഇത്തരം ചർച്ചകൾ ഏകോപിപ്പിച്ച് പിന്തുടരാൻ സ്പെഷ്യൽ ഓഫീസർ ഇല്ലാത്തതാണ് പ്രശ്നം.

കൊച്ചി പോർട്ട് കഴിഞ്ഞാൽ ഏറ്റവുമധികം അടിസ്ഥാന സൗകര്യങ്ങളുള്ളത് കൊല്ലത്താണ്. ഇത് വേണ്ടവിധം പ്രയോജനപ്പെടുത്തി കപ്പലുകൾ എത്തിക്കണമെങ്കിൽ ടൂറിസം, വ്യവസായം, ഫിഷറീസ്, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ആവശ്യമാണ്. സ്പെഷ്യൽ ഓഫീസറെത്തിയാൽ ഈ വകുപ്പുകളുടെ ഏകോപനം സുഗമമാകും.

മുൻ പോർട്ട് ഡയറക്ടറും ഇപ്പോൾ തീരദേശ വികസന കോർപ്പറേഷൻ ചെയർമാനുമായ ഷേക്ക് പരീതിനെ കൊല്ലം പോർട്ടിന്റെ സ്പെഷ്യൽ ഓഫീസറായി നിയമിക്കാൻ ആലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയൽ ഇപ്പോൾ തുറമുഖ വകുപ്പിന്റെ പരിഗണനയിലാണ്.

 എമിഗ്രേഷൻ പോയിന്റ് പ്രഖ്യാപനം; എഫ്.ആർ.ആർ.ഒ സംഘം തുറമുഖം സന്ദർശിച്ചു

കൊല്ലം പോർട്ട് എമിഗ്രേഷൻ പോയിന്റായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ അരവിന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെ കൊല്ലം തുറമുഖം സന്ദർശിച്ചു. സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഉദ്യോഗസ്ഥ സംഘം പൂർണതൃപ്തി അറിയിച്ചു. ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനം കൊല്ലം തുറമുഖത്തെ ഉടൻ എമിഗ്രേഷൻ പോയിന്റായി പ്രഖ്യാപിക്കുമെന്ന സ്വപ്നം കൂടുതൽ ബലപ്പെടുത്തുകയാണ്.

അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ കപ്പലുകൾ വേഗത്തിൽ അടുപ്പിക്കാം

 തുറമുഖത്ത് നങ്കൂരമിടാൻ കഴിയാത്ത ഭീമൻ കപ്പലുകൾക്ക് ടഗിൽ ഇന്ധനം നിറച്ച് ഉൾക്കടലിൽ വച്ച് കൈമാറാം