maram
കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലെ മണികെട്ട് ആൽമരം

കൊല്ലം: ചവറ പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ ദേവീചൈതന്യമുള്ള പേരാലിൽ മണികെട്ടി പ്രാർത്ഥിക്കാൻ ഭക്തജനങ്ങളുടെ വൻ പ്രവാഹം. അമ്മയ്ക്ക് മുന്നിൽ മനമുരുകി പ്രാർത്ഥിച്ചശേഷം പേരാലിന് ചുറ്റും ഏഴു വലംവച്ച് ആലിൻ കൊമ്പിൽ മണികെട്ടിയാൽ ഉദ്ദിഷ്ടകാര്യം സഫലമാകുമെന്നാണ് വിശ്വാസം.

ശ്രീകോവിലിന് മുന്നിലെ പേരാലിന്റെ ഇലകൾ മറച്ച് നിറഞ്ഞുനിൽക്കുന്ന എണ്ണിയാലൊടുങ്ങാത്ത പൊന്മണികൾ കാട്ടിൽമേക്കതിലമ്മ ഇഷ്ടവരദായനിയാണെന്ന് വിളിച്ചുപറയുന്നു. പേരാലിന് ചുറ്റും എപ്പോഴും ഭക്തരുടെ തിരക്കാണ്. മണികെട്ടി ആഗ്രഹം സഫലമായവരുണ്ട്. എല്ലാവരുടെയും ഉള്ളിൽ ' കാട്ടിൽമേക്കലതിലമ്മേ ഇഷ്ടവരദായനി...' എന്ന ഒറ്റമന്ത്രം മാത്രം. സംസാരിശേഷിയില്ലാത്ത കുട്ടി പേരാലിൽ മണികെട്ടി പ്രാർത്ഥിച്ചപ്പോൾ സംസാരിച്ച് തുടങ്ങി, കാലങ്ങളായി ഒരു കുഞ്ഞിക്കാൽ കാണാൻ കൊതിച്ച ദമ്പതികൾക്ക് മണികെട്ടി പ്രാർത്ഥിച്ചപ്പോൾ കുഞ്ഞ് പിറന്നു. ഇങ്ങനെ ഇങ്ങനെ നീളുന്നു കാതങ്ങൾക്കപ്പുറം കേൾക്കുന്ന അമ്മയുടെ അനുഗ്രഹ കഥകൾ. അമ്മയുടെ മുന്നിൽ മണികെട്ടി പ്രാർത്ഥിച്ച് ആഗ്രഹം സഫലമായവരിൽ പട്ടിണിപ്പാവങ്ങൾ മുതൽ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കളും വരെയുണ്ട്.
പന്ത്രണ്ട് വിളക്ക് പൂജയ്ക്ക് ഭജനം പാർക്കാൻ എത്തുന്നവർക്കൊപ്പം മണികെട്ടാനെത്തുന്ന വിശ്വാസികൾ കൂടിയാകുമ്പോൾ തൊട്ടടുത്തുള്ള കടൽ പോലെ ജനസാഗരത്തെക്കൊണ്ട് കാട്ടിൽമേക്കതിൽ അമ്മയുടെ സന്നിധിയിലെ മണൽപ്പരപ്പ് നിറയും. പേരാലിൻ ചുവട്ടിൽ പൊന്മണിയുമായി വലം വയ്ക്കുമ്പോൾ തന്നെ ഭക്തരുടെ മനസ് നിറയും. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും മണി കെട്ടാം. തുടർച്ചയായ ദിവസങ്ങളിലോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ എത്തി വീണ്ടും മണികെട്ടി പ്രാർത്ഥിക്കാം. മണികെട്ടിയ ശേഷവും അമ്മയെ കണ്ട് തൊഴുത് പ്രാർത്ഥിക്കണം.