കൊല്ലം: കൊല്ലം സ്വദേശിയായ വിദ്യാർത്ഥിനി ചെന്നൈ ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്‌തതിന് പിന്നിൽ അദ്ധ്യാപകന്റെ പീഡനമാണെന്ന് ആരോപണം ഉയർന്നു. കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ 173, കീലോൻതറയിൽ പ്രവാസിയായ അബ്ദുൽ ലത്തീഫിന്റെയും സജിതയുടെയും മകൾ ഫാത്തിമ ലത്തീഫിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ഒരു പ്രൊഫസറാണ് മരണത്തിന് കാരണക്കാരനെന്ന കുറിപ്പ് ഫാത്തിമയുടെ ഫോണിൽ നിന്ന് ലഭിച്ചതായി പിതാവ് അബ്ദുൾ ലത്തീഫ്, കൊല്ലം മേയർ വി.രാജേന്ദ്രബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫോണിലെ നോട്ടുകൾ പരിശോധിക്കണമെന്നും എഴുതിയിരുന്നു.
ലോജിക്ക് പഠിപ്പിച്ചിരുന്ന പ്രൊഫസർ ഫാത്തിമയ്‌ക്ക് മന:പൂർവം മാർക്ക് കുറച്ചിരുന്നു. ഇരുപതിൽ 13 മാർക്കാണ് നൽകിയത്. എന്നിട്ടും ഫാത്തിമയ്‌ക്കായിരുന്നു ക്ലാസിൽ കൂടുതൽ മാർക്ക്. ഉത്തരക്കടലാസിൽ മാർക്ക് കൂട്ടിയപ്പോൾ 5 മാർക്ക് കൂടി ലഭിക്കാനുണ്ടെന്ന് ഫാത്തിമ ഇ - മെയിലിലൂടെ അദ്ധ്യാപകനെ അറിയിച്ചതായും അത് നൽകാമെന്ന് പറഞ്ഞതായും വീട്ടിൽ അറിയിച്ചിരുന്നു.
മരിക്കുന്നതിന്റെ തലേന്ന് രാത്രി മെസ് ഹാളിലിരുന്ന് കരഞ്ഞ ഫാത്തിമയെ ഒരു സ്ത്രീ ആശ്വസിപ്പിച്ചിരുന്നു. മരണ കാരണം ആ സ്ത്രീക്ക് അറിയാമെന്നും ഹോസ്റ്റലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഫാത്തിമയുടെ പിതാവ് ആവശ്യപ്പെട്ടു.
മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും അവർ അറിയിച്ചു.