കരുനാഗപ്പള്ളി: ദേശീയപാതയിൽ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികൾ വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. ലാലാജി ജംഗ്ഷൻ, കരോട്ട് മുക്ക് എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വൻകുഴികൾ രൂപപ്പെട്ടത്. ഒരുമാസത്തിന് മുമ്പ് ചെറിയ തോതിൽ രൂപപ്പെട്ട കുഴികൾ ഇപ്പോൾ സ്ഥിരം അപകടങ്ങൾ സൃഷ്ടിക്കുകയാണ്.
ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് ലാലാജി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ പോസ്റ്റുകൾ ഇളക്കി മാറ്റിയതിനെ തുടർന്നാണ് ഇവിടെ കുഴികൾ രൂപപ്പെട്ടത്. കരോട്ട് മുക്കിൽ കന്നേറ്റി പാലം ഇറങ്ങി വരുന്നിടത്താണ് കുഴികൾ ഉള്ളത്. പാലം ഇറങ്ങി അമിതവേഗതയിൽ വരുന്ന വാഹനങ്ങൾക്ക് കുഴികളിൽവീണ് നിയന്ത്രണം നഷ്ടമാകുന്നു. ഇതാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്.
മഴ വെള്ളം കുഴികളിൽ കെട്ടിനിൽക്കുമ്പോഴാണ് അപകടങ്ങൾ ഏറെ ഉണ്ടാകുന്നത്. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ് ബലിയാടാകുന്നതിലേറെയും
ഇടതടവില്ലാതെ വാഹങ്ങൾ എപ്പോഴും കടന്ന് പോകുന്ന കരുനാഗപ്പള്ളി ടൗണിന്റെ ഹൃദയ ഭാഗങ്ങളിലാണ് കുഴികൾ അപകടം വിതയ്ക്കുന്നത്. ദേശീയപാതയിൽ രൂപപ്പെട്ട കുഴികൾ അടയ്ക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവർ ചെവിക്കൊള്ളുന്നില്ല. യാത്രക്കാർക്ക് ഭീഷണിയായി മാറിയ കുഴികൾ എത്രയും വേഗം മെറ്റിൽ ഇട്ട് നികത്തി ടാർ ചെയ്യണം
യാത്രക്കാർ