photo
വൈശാഖ്

കുണ്ടറ: എട്ട് മാസത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വൈശാഖ് നയിച്ചത് ആഡംബര ജിവിതവും ദുർന്നടപ്പുമെന്ന് കൊല്ലപ്പെട്ട കൃതിയുടെ ബന്ധുക്കൾ പറയുന്നു.വിവാഹ ശേഷമുള്ള എട്ട് മാസത്തിനിടയിൽ കാൽക്കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചതെന്ന് കൃതിയുടെ അമ്മ പറഞ്ഞു.കൃതിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന നാലു ലക്ഷം രൂപയും കൃതിയുടെ മാതാവ് ബിന്ദുവിന്റെ പക്കൽ നിന്നും ആറ് ലക്ഷം രൂപയും കൂടാതെ ബിന്ദുവിന്റെ പേരിലുള്ള സ്വത്ത് പണയപ്പെടുത്തി 15 ലക്ഷം രൂപയും വൈശാഖ് കൈക്കലാക്കിയിരുന്നു. കൃതിയുടെ വീട് പണയപെടുത്തി പണം നൽകണമെന്ന് പറഞ്ഞ് വൈശാഖ് കൃതിയെ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന് മാതാവ് ബിന്ദു പറഞ്ഞു. വൈശാഖിനോട് പിണങ്ങി വീട്ടിൽ വന്ന കൃതി മർദ്ദനം ഭയന്ന് വൈശാഖിന്റെ വീട്ടിൽ പോയിരുന്നില്ല. പല തവണ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും കഴുത്തിൽ കത്തി വെച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതോടെ കൃതി പൂർണമായും മരണ ഭയത്തിലായിരുന്നു. തന്റെ മരണത്തിന് ശേഷം സ്വത്തിന്റെ പൂർണ അവകാശം ഏകമകൾ വൈഷ്ണവിക്ക് മാത്രമാണെന്ന് മാസങ്ങൾക്ക് മുൻപ് കൃതി മാതാവിന് കത്തെഴുതി നൽകിയിരുന്നു.