കൊല്ലം: ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ഇപ്പോൾ ഭരണകൂടങ്ങൾ ഉപയോഗിക്കുന്നത് രാഷ്ട്രീയ വിരോധം തീർക്കാനാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1967ൽ കോൺഗ്രസ് സർക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്താൽ ജാമ്യം കിട്ടില്ല. ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ഈ നിയമപ്രകാരം രാജ്യത്തെ ജയിലുകളിൽ കിടക്കുന്നത്. അതിലേറെയും ദളിതരും മുസ്ലിങ്ങളുമാണ്. സാധാരണ കേസുകളിൽ കുറ്റം തെളിയിക്കേണ്ടത് പൊലീസാണ്. യു.എ.പി.എ നിയമത്തിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതിയിലൂടെ അറസ്റ്റ് ചെയ്യപ്പെടുന്നവർ ജയിലിൽ കിടന്നു കൊണ്ട് തങ്ങൾ കുറ്റവാളികളല്ലെന്ന് തെളിയിക്കേണ്ട അവസ്ഥയാണ്.
മുതലാളിമാർക്ക് സമ്പത്ത് വാരിക്കൂട്ടാനുള്ള നയങ്ങൾ നടപ്പാക്കുന്നതിൽ കോൺഗ്രസും ബി.ജെ.പിയും ഒരേതൂവൽ പക്ഷികളാണ്. മോദി സർക്കാരിനെ താഴെയിറക്കാൻ തൊഴിലാളി വർഗ്ഗത്തിന്റെ സംഘടിത മുന്നേറ്രം ഉണ്ടാകണമെന്നും എളമരം കരിം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബി. തുളസീധരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ, പി. രാജേന്ദ്രൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ തുടങ്ങിയവർ പങ്കെടുത്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ സ്വാഗതവും ട്രഷറർ എ.എം. ഇക്ബാൽ നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി ആശ്രാമം മൈതാനത്ത് നിന്നാരംഭിച്ച റാലിയിൽ ആയിരക്കണക്കിന് തൊഴിലാളികൾ അണിനിരന്നു.