ഓച്ചിറ: ഓച്ചിറ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയിൽ അടച്ചിട്ടിരിക്കുന്ന കംഫർട്ട് സ്റ്റേഷൻ തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എെ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. ഓച്ചിറ വൃശ്ചികോത്സവവും ശബരിമല തീർത്ഥാടനവും അടുത്തിട്ടും കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിരിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. നേതാക്കളും സ്റ്റേഷൻ മാസ്റ്ററുമായി നടത്തിയ ചർച്ചയിൽ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാമെന്നും വൃശ്ചികമാസത്തിന് മുമ്പ് തുറക്കാനുള്ള നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. സമരത്തിന് എെ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.എം.കെ സത്താർ, അയ്യാണിക്കൽ മജീദ്, ജയ്‌ഹരി കയ്യാലത്തറ, രാജിനി മണ്ടത്ത്, നിസാം സേട്ട് തുടങ്ങിയവർ നേതൃത്വം നൽകി.