aroon-17
ആരോൺ ലിജു

അടൂർ: പള്ളിയിലെ റാസയ്ക്ക് ശേഷം കൂട്ടുകാരനോടൊപ്പം സ്കൂട്ടറിൽ പോയ വിദ്യാർത്ഥി ലോറിയിടിച്ച് മരിച്ചു. ഏറത്ത് ഗ്രാമപഞ്ചായത്ത് മുൻ അംഗം മണക്കാല പുളിവിളപടിഞ്ഞാറ്റതിൽ ലിജു അലക്സാണ്ടറുടെ മകൻ ആരോൺ ലിജു ( 17) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച പന്നിവിഴ കരുമ്പേലിൽ പുത്തൻ വീട്ടിൽ ആൽബിൻ ഷാജി (17)യെ ഗുരുതരമായ പരിക്കുകളോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 11.30 ന് അടൂർ സെൻട്രൽ ജംഗ്ഷന് കിഴക്ക് സിഗ്നൽ പോയിന്റിലായിരുന്നു അപകടം . തട്ട റോഡിൽ നിന്ന് കെ.പി റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടറിൽ ആലുവായിൽ നിന്ന് സൾഫറുമായി തെങ്കാശിയിലേക്ക് പോയ ലോറി ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടൂർ കണ്ണംകോട് സെന്റ് തോമസ് കത്തീഡ്രലിലെ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. പന്നിവിഴ സെന്റ് തോമസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ് ആരോൺ . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് മണക്കാല കൊറ്റനെല്ലൂർ മർത്തശ് മൂനി ഓർത്തഡോക്സ് പള്ളിയിൽ. മാതാവ്:സുനി ലിജു. സഹോദരൻ: ആൽബിൻ ലിജു.