slaughter-house
ആശ്രാമത്തെ നഗരസഭയുടെ സ്ളോട്ടർ ഹൗസ്

 ഒരുതരി മാലിന്യം പുറത്തേക്ക് തള്ളില്ല

കൊല്ലം: രണ്ടേകാൽ വർഷത്തെ കാത്തിരിപ്പിന് ശേഷം അഷ്ടമുടിക്കായലിന്റെ തീരത്തെ നഗരസഭയുടെ അറവുശാല ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. അറവുശാലയിൽ നിന്ന് ദുർഗന്ധം പരക്കില്ലെന്ന് മാത്രമല്ല ദുർഗന്ധം ഒരുതരി മാലിന്യം പോലും പുറത്തേക്ക് തള്ളില്ലെന്നാണ് നഗരസഭയുടെ വാഗ്ദാനം.

പ്രദേശവാസികൾ മലിനീകരണ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമീച്ചതിനെ തുടർന്ന് 2018 ജൂലായിലാണ് കോടതി സ്ലോട്ടർ ഹൗസ് പൂട്ടാൻ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് നഗരസഭ ആധുനിക സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. മൂന്ന് മാസം മുമ്പ് നിർമ്മാണം പൂർത്തിയായി ട്രയൽ റൺ നടത്തിയെങ്കിലും ജനറേറ്ററിന്റെ അടക്കം അഭാവം ഉള്ളതിനാൽ പ്രവർത്തനാരംഭം നീട്ടുകയായിരുന്നു.

 ഇ - കി‌ഡ് സാങ്കേതികത

ഇലക്ട്രോഡുകൾ ഉപയോഗിച്ച് മാലിന്യം സംസ്കരിക്കുന്ന 'ഇ - കിഡ്' സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അറവുശാലയിൽ പുതുതായി സ്ഥാപിച്ച എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നത്. മൃഗങ്ങളെ കശാപ്പ് ചെയ്യുമ്പോൾ പുറത്ത് വരുന്ന സൂക്ഷ്മ ഖര പദാർത്ഥങ്ങളുൾപ്പടെയുള്ളവ അടങ്ങിയ ജലമാലിന്യം ആദ്യം പ്ലാന്റിന്റെ ഭൂഗർഭ ടാങ്കിലെത്തും. തുടർന്ന് പമ്പ് ചെയ്ത് തറനിരപ്പിലുള്ള ടാങ്കിലെത്തിക്കുന്നതിനിടെ ജലത്തിൽ നിന്ന് ഖര പദാർത്ഥങ്ങൾ പൂർണമായും വേർതിരിക്കും. ഇവിടെ നിന്ന് മൂന്നാമത്തെ ടാങ്കിലേക്ക് എത്തുന്നതിനിടെ ഇലക്ട്രോഡുകൾ ഉപയോഗിച്ച് ജലാവശിഷ്ടം ശുദ്ധീകരിക്കും. മൂന്നാമത്തെ ടാങ്കിൽ നിന്ന് അടുത്ത ടാങ്കിലേക്ക് എത്തുമ്പോൾ രക്തവും മറ്റ് ഘടകങ്ങളും അടങ്ങിയ ജലം പൂർണമായും ശുദ്ധമാകും. ഇത് പ്ലാന്റിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ഖരമാലിന്യം പ്ലാന്റിൽത്തന്നെ സംസ്കരിച്ച് വളമാക്കി വിൽക്കും.

 ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കി

പൊതുജനങ്ങൾക്ക് അറപ്പ് ഉണ്ടാകാത്ത തരത്തിൽ ഗ്ലാസ് കൂടിനുള്ളിൽ മാത്രമേ ഇനി കച്ചവട സ്റ്റാളുകളിൽ ഇറച്ചി തൂക്കാവു. തറ ടൈൽസ് പാകുന്നതിന് പുറമേ മലിനജലം ഒഴുകാനുള്ള സംവിധാനവും ഒരുക്കണം. തൊഴിലാളികൾ നിർബന്ധമായും ഹെൽത്ത് കാർഡ് എടുത്തിരിക്കണം. വെട്ടാനുപയോഗിക്കുന്ന കത്തിയും തൂക്കിയിടുന്ന ഹൂക്കും തുരുമ്പ് രഹിതമായിരിക്കണം. ഈ വ്യവസ്ഥകൾ പാലിച്ച് ലൈസൻസ് പുതുക്കിയവർ എത്തിക്കുന്ന മാടുകളെ മാത്രമേ അറവുശാലയിൽ സ്വീകരിക്കൂ.

 അനധികൃത അറവിനും ഇന്ന് മുതൽ കർശന നിയന്ത്രണം

സ്ലോട്ടർ ഹൗസ് പ്രവർത്തനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് മുതൽ നഗരത്തിൽ അനധികൃത കശാപ്പിന് കർശന നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭയുടെ ആരോഗ്യ സ്ക്വാഡ് നഗരത്തിന്റെ വിവിധയിടങ്ങളിൽ ഇന്ന് മുതൽ സ്ഥിരം പരിശോധന നടത്തും.