sandhamma-44

പത്തനാപുരം: മകനെ ചിലർ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മ കുഴഞ്ഞ് വീണ് മരിച്ചു. കടയ്ക്കാമൺ കോളനിയിൽ പ്ലോട്ട് നമ്പർ 44 ൽ സോമരാജന്റെ ഭാര്യ ശാന്തയാണ് (62) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാമൺ സ്വദേശികളായ അനീഷ്, ഷിബു, സോമൻ എന്നിവരെ അറസ്റ്റ് ചെയ്തു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

ക്ഷേത്രഉപദേശക സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. മകൻ സന്തോഷിനെ മർദ്ദിക്കുന്നത് കണ്ട് ശാന്തയും ഭർത്താവ് സോമരാജനും തടസ്സം പിടിക്കുന്നതിനിടെ ശാന്ത കുഴഞ്ഞ് വീഴുകയായിരുന്നു.ശാന്തയ്ക്ക് മർദ്ദനമേറ്റതായും ദൃക്സാക്ഷികൾ പറഞ്ഞു. ശാന്തയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സന്തോഷിനും പിതാവ് സോമരാജനും മർദ്ദനമേറ്റു.ഇരുവരും പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ശാന്തയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനല്കി. കടയ്ക്കാമണ്ണിൽ വീട്ടുവളപ്പിൽ സംസ്ക്കാരം നടത്തി.ശാന്ത കടയ്ക്കാമൺ കോളനി ജംഗ്ഷനിൽ ബേക്കറി നടത്തിവരികയായിരുന്നു . സന്തോഷ്, സിന്ധു എന്നിവർ മക്കളാണ്.