preman

കൊല്ലം : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ഇടപ്പളളിക്കോട്ടയിലെ സ്ഥലത്ത് പുതിയ കേന്ദ്ര പദ്ധതി ആരംഭിക്കുന്നതിനുള്ള സാദ്ധ്യതാ പഠനം നടത്തുവാൻ ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് ഉന്നതതല സംഘം സ്ഥലം സന്ദർശിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. ഇടപ്പള്ളി ക്കോട്ടയിലെ സ്ഥലത്ത് കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ആവശ്യത്തെ തുടർന്നാണ് ഉന്നതതല സംഘം എത്തുന്നത്. ദേശീയപാതയുമായി ചേർന്ന് കിടക്കുന്ന 27 ഏക്കർ 6 ആർ സ്ഥലത്ത് കേന്ദ്ര സർക്കാരിന്റെ പദ്ധതി ആരംഭിക്കുകയോ അല്ലെങ്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കുകയോ ചെയ്യണമെന്നും രണ്ടിനും സാദ്ധ്യതയില്ലെങ്കിൽ സംസ്ഥാന സർക്കാരിന് വിട്ടു നൽകണമെന്നുമുള്ള ആവശ്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. എം.പിയുടെ ആവശ്യത്തെ തുടർന്ന് കേന്ദ്ര മന്ത്രി ഡൽഹിയിൽ യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ എം.പിയുടെ സാന്നിദ്ധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സാധ്യതാ പഠനം നടത്തണമെന്ന് തീരുമാനിച്ചു. ഡൽഹിയിലെ യോഗതീരുമാനപ്രകാരം സ്ഥലത്ത് ഏതു തരത്തിലുളള പദ്ധതിയാണ് അനുയോജ്യമെന്നതു സംബന്ധിച്ച സാധ്യതാ പഠനം നടത്താനാണ് ഉന്നതതല സംഘം സന്ദർശനം നടത്തുന്നത്. സന്ദർശന ശേഷം യോഗം ചേർന്ന് സാധ്യത വിലയിരുത്തി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. എച്ച്.പി.സി.എൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഭിഷേക് ദത്ത, ജനറൽ മാനേജർ റിയൽ എസ്റ്റേറ്റ് രേഖി സിംഗ്, ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് കുമാർ, ചീഫ് റീജിയണൽ മാനേജർ അംജിത്ത് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുളള ഉന്നതതല സംഘമാണ് എത്തുന്നതെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു.