boat-jetty
കണ്ണങ്കാട്ട് ജങ്കാർ കടവ്

പടിഞ്ഞാറേക്കല്ലട: കല്ലടയാറിന് ഇരുകരകളിലുമുള്ള പടിഞ്ഞാറേകല്ലട പഞ്ചായത്തിനെയും മൺറോതുരുത്ത് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ട് കല്ലുംമൂട്ടിൽ കടവിലെയും പ്രധാന റോഡിലേക്കുള്ള ഇടവഴിയിലെയും തെരുവുവിളക്കുകൾ കത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു. മാസങ്ങളായി ഈ സ്ഥിതി തുടർന്നിട്ടും അധികൃതർ മാത്രം ഇതൊന്നും അറിഞ്ഞമട്ടില്ല. രാവിലെ 6.45 മുതൽ രാത്രി 8.25 വരെയാണ് ഇവിടെ ജങ്കാർ സർവീസ് നടത്തുന്നത്.

ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും ആണ് ഇരുകരകളിലേക്കും ഇതിനെ ആശ്രയിച്ച് സഞ്ചരിക്കുന്നത്. മൺട്രോത്തുരുത്ത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരാണ് രാത്രികാലങ്ങളിൽ ജങ്കാർ സർവീസിനെ ആശ്രയിക്കുന്നത്. ഇവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. തെരുവ് നായ്ക്കളക്കം ഇവിടങ്ങളിൽ തമ്പടിക്കുന്നതാണ് പ്രധാന പ്രശ്നം. ഒപ്പം ഇഴജന്തുക്കളെയും ഭയക്കണം. ഇതിന് പരിഹാരമായി ജങ്കാർ കടവിലെയും പ്രധാന റോഡിലേക്കുള്ള ഇടവഴിയിലെയും തെരുവ് വിളക്കുകൾ കത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.