adi
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

 എൻ.കെ. പ്രേമചന്ദ്രൻ എം.പി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി

 ലാത്തിചാർജ്ജിൽ രണ്ട് പേർക്ക് പരിക്ക്

കൊല്ലം: ഭരണകൂട ഭീകരതയ്ക്കെതിരെ ആർ.എസ്.പി ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ഉപരോധത്തിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകർ കളക്ടറേറ്റ് ഉപരോധിക്കുന്നതിനിടെ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പിയെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസ് ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.

പ്രേമചന്ദ്രനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പ്രവർത്തകർ കൂട്ടത്തോടെ തടഞ്ഞു. ഇത് പൊലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗത്തിനിടയാക്കി. തുടർന്നുണ്ടായ ലാത്തിച്ചാർജ്ജിൽ രണ്ട് ആർ.എസ്.പി പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിനിടെ എ.സി.പി എ. പ്രദീപ്കുമാറെത്തി പൊലീസിനെ പിന്തിരിപ്പിച്ചശേഷം ഉപരോധസമരം ഉദ്ഘാടനം ചെയ്യാൻ പ്രേമചന്ദ്രന് അനുവാദം നൽകി. ഒടുവിൽ എൻ.കെ. പ്രേമചന്ദ്രൻ അടക്കം നൂറ് കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സമരം അവസാനിച്ചത്.
ഇടതുപക്ഷ രാഷ്ട്രീയം പറഞ്ഞ് അധികാരത്തിലെത്തിയ എൽ.ഡി.എഫ് ഭരണത്തിൽ സംസ്ഥാനത്ത് മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നഗ്നമായി ലംഘിക്കപ്പെടുകയാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. പെൺകുട്ടികളെ പീഡിപ്പിച്ചവരെ സംരക്ഷിക്കുകയും സാമൂഹ്യമാറ്റത്തിനായി പൊരുതുന്ന മാവോയിസ്റ്റുകളെ കൊന്നൊടുക്കുകയും ചെയ്യുന്ന സി.പി.എം നിലപാട് സാമ്രാജ്യത്വ നയമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം. ബാലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇടവനശ്ശേരി സുരേന്ദ്രൻ, കെ.സിസിലി, സി.പി. സുധീഷ് കുമാർ, എസ്. ശോഭ, എസ്. ത്യാഗരാജൻ, തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിന് സജി.ഡി. ആനന്ദ്, ടി.കെ. സുൽഫി, കുരീപ്പുഴ മോഹനൻ. ജി.ഉണ്ണിക്കൃഷ്ണൻ, കെ.രത്നകുമാർ, ജി. രാജേന്ദ്ര പ്രസാദ്, എം.എസ്. ഷൗക്കത്ത്, ഉല്ലാസ് കോവൂർ , ആർ. നാരായണപിള്ള, ജസ്റ്റിൻ ജോൺ, എൻ. നാസർഖാൻ, വിജയദേവൻപിള്ള, സി. മഹേശ്വരൻപിള്ള, ആർ .സുനിൽ, തുടങ്ങിയവർ നേതൃത്വം നൽകി.