കൊട്ടിയം: എട്ടുവർഷമായി നാസറും ഭാര്യ ഷാനിഫയും കെട്ടുറപ്പില്ലാത്ത നിലംപൊത്താറായ ചോർന്നൊലിക്കുന്ന വീട്ടിലാണ് ഒരു സുരക്ഷിതത്വവുമില്ലാതെ മൂന്നു മക്കളുമായി താമസിക്കുന്നത്. പ്രായമായ രണ്ടു പെൺമക്കളോടൊപ്പം അന്തിയുറങ്ങുന്നത് ഭീതിയോടെയാണ്. പ്ളൈവുഡു കൊണ്ടു മറച്ച ചുവരും ഷീറ്റുകൊണ്ടു മറച്ച മേൽക്കൂരയുമാണ് ഈ വീടിനുള്ളത്. പുറം ഭിത്തിമാത്രം കല്ലുകെട്ടിയിട്ടുണ്ട്.
ഒരു വീടിനായി ഇരുപതു വർഷമായി മയ്യനാട് പഞ്ചായത്തിൽ കയറിയിറങ്ങുന്നു. ഇരുപത്തിയൊന്നാം വാർഡിൽ മേവറം തട്ടാമല പടനിലം നാസർ ഭവനത്തിലാണ് താമസം. ആകെയുള്ള സമ്പാദ്യവും കടം വാങ്ങിയ പണവും കൊണ്ടാണ് മൂന്ന് സെന്റിലുള്ള ഈ കിടപ്പാടംവാങ്ങിയത്. അന്ന് മുതൽ കേരള സർക്കാരിന്റെ ലൈഫ്പദ്ധതിയായ വീടിന് വേണ്ടി അപേക്ഷയുമായി പഞ്ചായത്ത് ഓഫീസിലും മെമ്പർമാരുടെ വീടുകളിലും കയറി ഇറങ്ങുകയാണ്. അർഹതയുണ്ടായിട്ടുംആരും സഹായിക്കുന്നില്ല. എട്ടു വർഷം മുമ്പ് വസ്തുവില്ലാത്തവർക്ക് വസ്തു കിട്ടുന്ന പദ്ധതിയിലും അപേക്ഷ കൊടുത്തിരുന്നു.അതും പരിഗണിച്ചിരുന്നില്ല. ഗവൺമെന്റ് നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങൾ പാലിച്ചും ഇവർ അർഹരാണ്. ഗ്രാമസഭയിൽ ഇവരെ തെരഞ്ഞെടുക്കുകയും ചെയ്തു.
റേഷൻ കാർഡിൽ വരുമാനം കുറവ്, കുടുംബത്തിൽ ആർക്കും ജോലിയില്ല. കുടുംബത്തിൽ ആർക്കും മറ്റ് വസ്തുക്കളോ വാഹനങ്ങളോയില്ല. ഭാര്യക്ക് ജോലിയില്ല. രോഗിയായ കുടുംബനാഥൻ നാസർ കൂലിക്ക് ഓട്ടോ ഓടിക്കുകയാണ്. നിത്യവും ജോലിക്ക് പോകാൻ കഴിയുന്നില്ല. വൃദ്ധരായ മാതാപിതാക്കളെയും സംരക്ഷിക്കണം. വികസന പ്രവർത്തനത്തിന് കോടികൾ ചെലവിടുന്ന പഞ്ചായത്ത് അധികാരികൾ ഇവർക്ക് ഒരു കൂര വച്ചുകൊടുക്കാൻ സൻമനസ്സ് കാട്ടുന്നില്ല.