ചാത്തന്നൂർ: ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അഗ്നിശമന സേനയുടെ മോക്ഡ്രിൽ വിദ്യാർത്ഥികളിൽ കൗതുകം ഉണർത്തിയതിനൊപ്പം പുതിയ അറിവുകളും പകർന്നു. സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ അഗ്നിശമന സേനയുടെ പരവൂർ യൂണിറ്റാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
തീപിടിത്തമുണ്ടാകുമ്പോൾ നടത്തേണ്ട രക്ഷാപ്രവർത്തനം, തീ അണയ്ക്കുന്നത് എങ്ങനെ, കെട്ടിടത്തിന് മുകളിൽ കുടുങ്ങിയാൽ രക്ഷപ്പെടുന്നത് എങ്ങനെ തുടങ്ങിയവയിൽ സേനാംഗങ്ങൾ വിദ്യാർത്ഥികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ക്ലാസ് എടുക്കുകയും ചെയ്തു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സച്ചുകുമാറിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.