പത്തനാപുരം; ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടന്ന കവർച്ചാ പരമ്പരയിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മധുര തിരുപ്പുറംകുണ്ടം സ്വദേശി രാധാകൃഷ്ണനാണ്(57) റൂറൽ എസ്.പിയുടെ നേതൃത്വത്തിലുളള ഷാഡോ പൊലീസിന്റെ പിടിയിലായത്. അടുത്തിടെ നടന്ന വലിയ മൂന്ന് മോഷണങ്ങൾക്ക് പിന്നിലും രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണന്ന് റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് ട്രെയിൻ മാർഗം പുനലൂരിൽ എത്തിയ സംഘം പത്തനാപുരത്തും അഞ്ചലിലും കൊട്ടാരക്കരയിലും കവർച്ച നടത്തി. പകൽ സമയം കത്തി രാകാനെന്ന വ്യാജേന വീടുകളിലെത്തുന്ന രാധാകൃഷ്ണൻ പരിസരം മനസിലാക്കിയ ശേഷം കൂട്ടാളികൾകളോടൊപ്പം എത്തി മോഷണം നടത്തുന്നതാണ് പതിവ്. അഞ്ചലിൽ റെയിൽവേ എസ്.പി ജോൺകുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ സംഘം പത്തനാപുരം പാതിരിക്കൽ, ഇടത്തറ മേഖലകൾ കേന്ദ്രീകരിച്ച് അഞ്ച് വീടുകളിലും കവർച്ച നടത്തി.
പത്തനാപുരത്ത് മോഷ്ടാക്കളുടെ ആക്രമണത്തിൽ ഗർഭിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശരീരത്ത് കറുത്ത ചായം പൂശി അടിവസ്ത്രം മാത്രം ധരിച്ചാണ് ഇവർ മോഷണത്തിന് ഇറങ്ങുന്നത്. പൊലീസ് പെട്രോളിംഗിനിടെ പത്തനാപുരം പുന്നലയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ തമിഴ്നാട് സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് അന്വേഷണ സംഘം തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കൂട്ടാളികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന. പുനലൂർ ഡിവൈ.എസ്.പി അനിൽദാസ്, പത്തനാപുരം സി.ഐ അൻവർ, ഷാഡോ ടീം അംഗങ്ങളായ ഷാജഹാൻ, ജഹാംഗീർ, ശ്രീകുമാർ, എസ്.ഐമാരായ ജോസഫ് ലിയോൺ, പുഷ്പകുമാർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ പത്തനാപുരത്തെ മോഷണം നടത്തിയ വീടുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.