hassan
യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അഡ്വ. ഫിലിപ്പ് കെ.തോമസ് അനുസ്മരണം എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഉന്നത ജനാധിപത്യ ബോധമുള്ള രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സൻ അഭിപ്രായപ്പെട്ടു. കൊല്ലം പബ്ലിക് ലൈബ്രറിയിൽ നടന്ന അഡ്വ.ഫിലിപ്പ് കെ.തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാശ്മീരിലും ലഡാക്കിലും എന്താണ് നടക്കുന്നതെന്ന് ആർക്കും അറിയില്ല. സമസ്ത മേഖലകളിലെയും മൂല്യങ്ങളും ആദർശങ്ങളും തകർക്കപ്പെടുകയാണ്. രാജ്യത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും പകരം ഏകാധിപത്യവും വർഗ്ഗീയതയും കൊടികുത്തി വാഴുന്നു. ഇതൊക്കെ വിലയിരുത്തുമ്പോൾ ഇന്ത്യ ഇരുണ്ട കാലഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹസ്സൻ പറഞ്ഞു.
എൻ.കെ.പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷനായിരുന്നു. ഡോ.ശൂരനാട് രാജശേഖരൻ, ബിന്ദു കൃഷ്ണ, എ.ഷാനവാസ് ഖാൻ, എ.യൂനുസ് കുഞ്ഞ്, വി. റാംമോഹൻ, എം.അൻസാറുദ്ദീൻ, വാക്കനാട് രാധാകൃഷ്ണൻ, കെ.എസ്.വേണുഗോപാൽ, പ്രൊഫ.ഇ.മേരിദാസൻ, രാജേന്ദ്രപ്രസാദ്, സൂരജ് രവി, പി.ആർ.പ്രതാപചന്ദ്രൻ, അലക്സ് കുണ്ടറ, സി.എസ്.മോഹൻ കുമാർ, കല്ലട ഫ്രാൻസിസ്, എഴുകോൺ സത്യൻ, എം.ഇക്ബാൽ കുട്ടി, ഹരികുമാർ, ​റ്റി.സി.വിജയൻ, തമ്പി പുന്നത്തല എന്നിവർ സംസാരിച്ചു.