കൊല്ലം: ഭാരതീയ നടനസംസ്കൃതിയുടെ ത്രിനേത്ര ഡാൻസ് ആന്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആറാമത് എഡിഷന് വെള്ളിയാഴ്ച കൊല്ലത്ത് അരങ്ങുണരും. ഞായറാഴ്ച വരെ നീളുന്ന നൃത്ത സംഗീതോത്സവം സോപാനം ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 5.30 ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിക്കും.
ഒഡീസി, കഥക്, ഭരതനാട്യം എന്നിവയിൽ രാജ്യത്തെ പ്രശസ്തരായ പ്രതിഭകൾ അണിനിരക്കുന്ന ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് നൃത്തവേദികളിലൂടെ പ്രശസ്തരായ നീലമന സിസ്റ്റേഴ്സ്, നാട്യപ്രിയ ഡാൻസ് അക്കാഡമി, വൃക്കരോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സേവ് കിഡ്നി ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്. 15നു വൈകിട്ട് 5.30ന്, ഒഡീസിയുടെ തനതുശൈലിയുടെ അവതരണസൗന്ദര്യത്തിലൂടെ ലോകപ്രശസ്തയായ അരുണ മൊഹന്തിയുടെ നൃത്തത്തോടെയാണ് തുടക്കം.
ശനിയാഴ്ച വൈകിട്ട് 5.30 ന് കഥക് നടനവേദികളിലൂടെ ഇന്ത്യൻ നടനസംസ്കാരത്തെ ലോകവേദികൾക്കു പരിചയപ്പെടുത്തിയ നന്ദിനി മേത്ത, 17നു വൈകിട്ട് 5.30 ന് ഭരതനാട്യത്തിന്റെ അരങ്ങുകളിൽ ഭാവവിസ്മയത്തിന്റെ സൂക്ഷ്മപ്രപഞ്ചമൊരുക്കുന്ന ദമ്പതികളായ പാർവതി മേനോൻ, ഷിജിത് നമ്പ്യാർ എന്നിവരാണ് അരങ്ങിലെത്തുക. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകരായ ഡോ. ദ്രൗപദി പ്രവീൺ, ഡോ. പദ്മിനി കൃഷ്ണൻ എന്നിവർ അറിയിച്ചു. സൗജന്യ പ്രവേശന പാസുകൾക്ക് 9746317744, 9446592973 എന്നി ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.