bindhu
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ നില്പ് സമരം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സിവിൽ സർവീസിന്റെ നിലനിൽപ്പിനായി കേരള എൻ.ജി.ഒ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കളക്‌ടറേ​റ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജീവനക്കാർ ശത്രുക്കളാണെന്ന മനോഭാവമാണ് പിണറായി സർക്കാർ പുലർത്തുന്നതെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുകയാണ് സർക്കാരിന്റെ നയം. ഏറെ വൈകി നിയമിച്ച ശമ്പള കമ്മിഷനോട് പോലും സാമ്പത്തികാവസ്ഥ പരിഗണിച്ചാവണം റിപ്പോർട്ട് സമർപ്പിക്കേണ്ടതെന്ന് പരസ്യമായി ആവശ്യപ്പെട്ടതിലൂടെ ജീവനക്കാരോടുള്ള സർക്കാരിന്റെ പ്രതിബദ്ധത വാക്കിൽ മാത്രമാണെന്ന് തെളിഞ്ഞതായും ബിന്ദുകൃഷ്ണ പറഞ്ഞു. ഇടക്കാലാശ്വാസവും കുടിശ്ശിക ക്ഷാമബത്തയും അനുവദിക്കുക, സർക്കാർ വിഹിതം ഉറപ്പ് വരുത്തി ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക,എൻ.പി.എസ് ജീവനക്കാർക്ക് തുല്യനീതി ഉറപ്പ് വരുത്തുക,പി.എസ്.സി യുടെ വിശ്വാസ്യത ഉറപ്പ് വരുത്തുക ,ഭവന വായ്പാ പദ്ധതി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിൽ ജില്ലാ പ്രസിഡന്റ് ജെ. സുനിൽ ജോസ് അദ്ധ്യക്ഷത വഹിച്ചു .എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.സി രാജൻ, പ്രൊഫ .ഇ. മേരിദാസൻ, സൂരജ് രവി, ഉണ്ണികൃഷ്ണൻ, വിഷ്ണുവിജയൻ, എസ്.ശർമ്മിള, കെ .ബി .ഷഹാൽ, പരിമണം വിജയൻ, ചെറാശ്ശേരിൽ കൃഷ്ണകുമാർ, ബി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു .സമാപന യോഗം എ .ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു