ഓയൂർ: ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓയൂർ ഗവ.എൽ.പി സ്‌കൂളിൽ നടപ്പാക്കുന്ന ജൈവപച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവി പച്ചക്കറിതൈ നട്ട് നിർവഹിച്ചു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ ചെലവഴിച്ചാണ് 32 സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്.
ഓരോ സ്‌കൂളിനും നൂറ് ചെടിച്ചട്ടിയും അഞ്ചിനം പച്ചക്കറി തൈകളും നൂറ് കിലോ ജൈവ വളവും, കീടനാശിനിയും, പത്ത് സെന്റിൽ കൃഷി ചെയ്യുവാനുള്ള വിത്തും, തുടർപരിപാലനത്തിനായി 3000രൂപയും നൽകും. ചടങ്ങിൽ കൃഷി അസി.ഡയറക്ടർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർ എസ്.എസ്. ശരത്, പഞ്ചായത്ത് അംഗങ്ങളായ സുഹറാബീവി, ബി. രേഖ, പ്രഥമാദ്ധ്യാപിക ഗീത, കൃഷി അസി. സുനു എന്നിവർ പങ്കെടുത്തു.