ചാത്തന്നൂർ: ബഹുനിലകെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ പൊതു വഴിയിലേക്ക് അടർന്ന് വീണെങ്കിലും വൻ അപകടം ഒഴിവായി. തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ചാത്തന്നൂർ ജംഗഷനിലുളള ബഹുനിലകെട്ടിടത്തിന്റെ ഏറ്റവും മുകൾവശത്തെ ഷെയ്ഡ് ഉൾപ്പടെയുള്ള കോൺക്രീറ്റ് പാളികൾ തകർന്ന് വീഴുന്ന ശബ്ദം കേട്ട് ആളുകൾ ചിതറിയോടിയതിനാൽ ദുരന്തം ഒഴിവായി.
വൈദ്യുതി ലൈനുകൾക്കിടയിലൂടെയാണ് വീണത്. തൊട്ട് താഴെയുള്ള കടകൾക്ക് മുന്നിലൂടെയും കെട്ടിടത്തിന്റെ വശങ്ങളിലൂടെയും ആൾക്കാർ നടന്ന് പോകുമ്പോഴാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്തെ പാളികൾ അടർന്നു വീണത് .മറ്റ് മൂന്ന് വശങ്ങളിലെയും പാരപ്പെറ്റും അപകടവസ്ഥയിലാണ്. വളരെയെറെ പഴക്കം ചെന്ന കെട്ടിടമാണിത്. ചാത്തന്നൂർ ജംഗ്ഷനിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലസ് ഉൾപ്പെടെ പല കെട്ടിടങ്ങളും കാലപ്പഴക്കം കൊണ്ട് അപകടവസ്തയിൽ ആയിട്ടും യാതൊരു നടപടികളും അധികൃതർ കൈക്കൊള്ളുന്നില്ല. ജനങ്ങൾ തിങ്ങികൂടുന്ന ചാത്തന്നൂർ ജംഗ്ഷനിലെ അപകടവസ്ഥയിലായ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ അടിയന്തിരമായി പരിശോധിച്ചു സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.