തൊടിയൂർ: തിങ്കളാഴ്ച രാത്രി കായംകുളം നങ്ങ്യാർകുളങ്ങര കവലയിൽ കാറും കെ. എസ്. ആർ. ടി. സി മിന്നൽ എക്സ് പ്രസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഓച്ചിറ സ്വദേശിയും എറണാകുളം എസ്. സി.എം.എസ് കോളേജ് അവസാന വർഷ ബി.കോംവിദ്യാർത്ഥിനിയുമായ ഫാത്തിമ നജീബ് (21) ഇനി കണ്ണീരോർമ്മ.
പഠനത്തിൽ മിടുക്കിയായിരുന്ന ഫാത്തിമ രണ്ടുമൂന്നു ദിവസം വീട്ടിൽ തങ്ങി 16ന് നടക്കുന്ന പരീക്ഷ എഴുതാൻ മടങ്ങിപ്പോകാനായിരുന്നു പുറപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പതിവ് പരിശോധനയ്ക്കായി എത്തിയ പിതാവ് മുൻ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ നജീബ് മണ്ണേൽ, മാതാവ് സുജാ നജീബ്, സഹോദരൻ സിവിൽ എൻജിനിയർ മുഹമ്മദലി(24) എന്നിവർക്കൊപ്പമായിരുന്നു വീട്ടിലേക്കുള്ള യാത്ര.കാർ ഓടിച്ചിരുന്നത് സഹോദരൻ മുഹമ്മദലിയായിരുന്നു.
മുഹമ്മദലിയുടെ ഒരു കൈ തുന്നിച്ചേർക്കാനാവാത്ത വിധം അറ്റുപോയി. മാതാപിതാക്കളായ നജീബ് മണ്ണേലിനും സുജാ നജീബിനും ഗുരുതരമായ പരിക്കുകളില്ല. കെ എസ് ആർ ടി സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കാറിൽ ഇടിച്ചത്. ഫാത്തിമ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസ് യാത്രക്കാരും മറ്റുള്ളവരും കാഴ്ചക്കാരായി നിന്ന തല്ലാതെ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ തയാറായില്ലത്രെ. അൽപ്പസമയത്തിന് ശേഷം എത്തിയ ഒരു സംഘം യുവാക്കളും പൊലീസും ചേർന്നാണ് ഇവരെ അശുപത്രിയിൽ എത്തിച്ചത്.ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മുതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തകർന്നു പോയ മുഹമ്മദലിയുടെ കൈയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിതാക്കളെ വീട്ടിൽ എത്തിച്ച ശേഷം ഇന്നുച്ചയ്ക്ക് രണ്ടിന് പാലോലിക്കുളങ്ങര ജമാ അത്ത് പള്ളിയിൽ ഫാത്തിമാനജീബിന്റെ കബറടക്കം നടത്തും.