പടി. കല്ലട/ മൺറോതുരുത്ത്: പ്രസിദ്ധമായ കല്ലട ജലോത്സവത്തിന് കല്ലടയാറ്റിൽ അങ്കത്തട്ടൊരുങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. പരമ്പരാഗതമായി ഇരുപത്തിയെട്ടാം ഓണനാളിൽ അരങ്ങേറിയിരുന്ന കല്ലട ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായതോടെയാണ് ഇത്തവണ നവംബർ 16ന് നടത്താൻ തീരുമാനിച്ചത്.
ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ ആരംഭിച്ച ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പതിനൊന്നാമത് മത്സരത്തിനാണ് കല്ലടയാറ്റിലെ നയന മനോഹരമായ മുതിരപ്പറമ്പ് കാരൂത്തറക്കടവ് നെട്ടായം സാക്ഷ്യം വഹിക്കാൻ പോകുന്നത്. പടിഞ്ഞാറേകല്ലട, കിഴക്കേകല്ലട, മൺറോതുരുത്ത് പ്രദേശങ്ങളിലായാണ് ജലമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. മൺറോതുരുത്ത് കാരൂത്രക്കടവാണ് പ്രധാനവേദി.
9 ചുണ്ടനുൾപ്പെടെ 21 വള്ളങ്ങൾ
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി 9 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 21 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. പ്രാദേശിക വള്ളംകളിയുടെ ഭാഗമായി ആറ് ഇരുട്ടുകുത്തി, ആറ് വെപ്പ് വള്ളങ്ങളും നീറ്റിലിറങ്ങും.
സമ്മാനങ്ങളുടെ പെരുമഴ
കൊല്ലം പ്രസിഡൻസി ജലോത്സവത്തോടുകൂടി ചാമ്പ്യൻസ് ലീഗിന്റെ 12 മത്സരങ്ങൾ സമാപിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ചുണ്ടനാണ് ഒന്നാമനായി പ്രഖ്യാപിച്ച് കപ്പ് നൽകുന്നത്. ഇത് കൂടാത 25 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ വള്ളങ്ങൾക്കും നാല് ലക്ഷം രൂപ വീതം ബോണസായി ലഭിക്കും. കൂടാതെ പ്രാദേശിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് പരമ്പരാഗതമായി നൽകി വരുന്ന ട്രോഫികളും സമ്മാനത്തുകയും ബോണസും ലഭിക്കും.
വിനോദ സഞ്ചാരമേഖല കുതിക്കും
സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ചേർന്ന് ആഗോള സഞ്ചാരികളെ ആകർഷിക്കുവാനും വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടം പ്രതീക്ഷിച്ചുമാണ് കൃത്യമായ സമയക്രമത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. സ്റ്റാർ സ്പോർട്സ് ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര ചാനലുകൾ മത്സരം തത്സമയം പ്രക്ഷേപണം ചെയ്യുന്നത് മൺറോതുരുത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ ടൂറിസം സ്വപ്നങ്ങൾക്ക് പുത്തനുണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
അൻപതാണ്ട് പാരമ്പര്യത്തിൽ കല്ലട ജലോത്സവം
ഏതാണ്ട് 50 വർഷത്തോളം പാരമ്പര്യമുണ്ട് കല്ലട ജലോത്സവത്തിന്. ആദ്യകാലത്ത് പടിഞ്ഞാറേകല്ലട കോതപുരം കണ്ണങ്കാട്ട് കടവായിരുന്നു പ്രധാന വേദി. വർഷങ്ങൾക്ക് ശേഷം ട്രാക്കിന്റെ ദൂരം കുറയ്ക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറേകല്ലട തോപ്പിൽ കടവിലേക്ക് മാറ്റുകയും വീണ്ടും ട്രാക്കിന്റെ ദൂരം കുറയ്ക്കുവാനായി മൺറോതുരുത്തിലെ കാരൂത്ര കടവിലേക്ക് ഇപ്പോഴുള്ള പ്രധാന വേദി മാറ്റുകയുമാണുണ്ടായത്.