കൊല്ലം: കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനി ചെന്നൈ ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്‌തതിന് പിന്നിൽ അദ്ധ്യാപകന്റെ പീഡനമെന്ന് ആരോപണം. കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ 173, കീലോൻതറയിൽ പ്രവാസിയായ അബ്ദുൽ ലത്തീഫിന്റെയും സജിതയുടെയും മകൾ ഫാത്തിമ ലത്തീഫിനെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ഐ.ഐ.ടി യിലെ ഒരു പ്രൊഫസറാണ് തന്റെ മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഫാത്തിമയുടെ ഫോണിൽ നിന്ന് ലഭിച്ചതായി പിതാവ് അബ്ദുൾ ലത്തീഫ്, കൊല്ലം മേയർ വി.രാജേന്ദ്രബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിലെത്തിയ ഇരട്ട സഹാേദരി ഐഷ ലത്തീഫും കുടുംബ സുഹൃത്തായ ഷൈൻ ദേവും ഫാത്തിമയുടെ സുഹൃത്തുക്കളുടെ ഫോൺ നമ്പരുകൾക്കായി ഫാത്തിമയുടെ ഫോൺ വേണമെന്ന് ആവശ്യപ്പെടുകയും പൊലീസ് ഫോൺ നൽകുകയും ചെയ്‌തിരുന്നു. അപ്പോഴാണ് പ്രൊഫസറാണ് തന്റെ മരണത്തിന് കാരണമെന്ന് ഫാത്തിമ മൊബൈലിൽ അവസാനമായി കുറിച്ച വാചകം ശ്രദ്ധയിൽപ്പെട്ടത്. ഒപ്പം ഫോണിലെ നോട്ടുകൾ പരിശോധിക്കണമെന്നും എഴുതിയിരുന്നു. തുടർന്ന് അത് സ്ക്രീൻഷോട്ടെടുത്ത് സൂക്ഷിക്കുകയായിരുന്നു.
വിദ്യാർത്ഥിനിയുടെ സംസ്കാരത്തിന് ശേഷം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും അവർ അറിയിച്ചു. മാർക്ക് കുറഞ്ഞ വിഷമത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്‌തതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ലോജിക്ക് എന്ന വിഷയം പഠിപ്പിച്ചിരുന്ന പ്രൊഫസർ ഫാത്തിമയ്ക്ക് മാർക്ക് മന:പൂർവം കുറച്ചിരുന്നു. ഇരുപതിൽ 13 മാർക്കാണ് നൽകിയത്. എന്നിട്ടും ഫാത്തിമയായിരുന്നു ക്ലാസിൽ കൂടുതൽ മാർക്ക് നേടിയത്. ഉത്തരകടലാസിൽ മാർക്ക് കൂട്ടിയപ്പോൾ 5 മാർക്ക് കൂടി ലഭിക്കാനുണ്ടെന്ന് ഫാത്തിമ ഇ മെയിലിലൂടെ അദ്ധ്യാപകനോട് പറയുകയും അത് നൽകാമെന്ന് പറഞ്ഞതായും വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ മറ്റു കുട്ടികൾ മികച്ച വിജയം സ്വന്തമാക്കുമ്പോൾ ഫാത്തിമയ്ക്ക് അദ്ധ്യാപകൻ മനപൂർവം മാർക്ക് കുറച്ചതാണെന്ന സംശയവും ബന്ധുക്കൾ ഉന്നയിച്ചു.
മരിക്കുന്നതിന്റെ തലേദിവസം രാത്രി 9.30യോടെ മെസ് ഹാളിലിരുന്ന് കരഞ്ഞ ഫാത്തിമയെ ഒരു സ്ത്രീ ആശ്വസിപ്പിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മരണ കാരണം ആ സ്ത്രീക്ക് അറിയാമെന്നും ഹോസ്റ്റലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഫാത്തിമയുടെ പിതാവ് ആവശ്യപ്പെട്ടു. പൊലീസിന്റെ പക്കലുള്ള ഫാത്തിമയുടെ ഫോൺ, ലാപ്ടോപ് എന്നിവ നശിപ്പിക്കുമെന്ന ഭയമുണ്ടെന്നും അവർ പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരു സഹകരണവും ഉണ്ടായിട്ടില്ല. അവർ മൊബൈൽ പരിശോധനയ്‌ക്ക് വിധേയമാക്കാതെ മാർക്ക് കുറഞ്ഞ വിഷമത്തിലാണ് ആത്മഹത്യയെന്ന് പറഞ്ഞത് സംശയം ഉണർത്തുന്നതാണ്. ഫാത്തിമയുടെ സഹപാഠികൾ ഉൾപ്പെടെ പരസ്പര വിരുദ്ധമായ മറുപടികൾ നൽകിയതിലും വീട്ടുകാർ ആശങ്കയിലാണ് .
'എന്റെ കരളായിരുന്നു അവൾ"
വിതുമ്പിക്കരഞ്ഞ് പിതാവ്
വിവാഹം കഴിഞ്ഞ് കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഇരട്ടകുട്ടികളിൽ ഒരാൾ നഷ്ടപ്പെട്ടതിന്റെ വിതുമ്പലിലായിരുന്നു പിതാവ് അബ്ദുൾ ലത്തീഫ്. മകളുടെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സുപ്രീം കോടതി വരെ പോകാൻ താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അവളെന്റെ കരളായിരുന്നു . ഒരു കുട്ടിക്കും ഈ ഗതി ഉണ്ടാകരുതെന്നും വിതുമ്പിക്കൊണ്ട് അബ്ദുൾ ലത്തീഫ് പറഞ്ഞു.
കൊലക്കുറ്റത്തിന്
കേസെടുക്കണം:
എസ് എഫ് ഐ
കൊല്ലം: ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണം നടത്തി ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്ന് എസ്. എഫ്. ഐ ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.വംശീയതയ്ക്കും ജാതി വിവേചനത്തിനും ഇരയായി മറ്റൊരു രോഹിത് വെമുലയായി മാറുകയാണ് ഫാത്തിമ. മദ്രാസ് ഐ. ഐ.ടി യിലെ മികച്ച വിദ്യാർത്ഥിനിയുമായിരുന്നു ഫാത്തിമ. വംശീയതയുടെ പേരിൽ ഈ വർഷം കാമ്പസിൽ നടക്കുന്ന മൂന്നാമത്തെ മരണമാണ് ഇത്. രാജ്യവ്യാപകമായി മദ്രാസ് ഐ. ഐ. ടി കാമ്പസിൽ നടക്കുന്ന ജാതി വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ് .എഫ്. ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് നസ്മൽ സെക്രട്ടറി ആദർശ് എം സജി എന്നിവർ അറിയിച്ചു.
കൊലക്കുറ്റത്തിന്
കേസെടുക്കണം:മന്ത്റി
കൊല്ലം: ചെന്നൈ ഐ. ഐ. ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ തലത്തിൽ ഇടപെടണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്റി പിണറായി വിജയന് നിവേദനവും നൽകി.
അദ്ധ്യാപകരുടെ പീഡനമാണ് ഫാത്തിമയുടെ ജീവനെടുത്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇന്റേണൽ മാർക്ക് കുറഞ്ഞത് കാരണമാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നാണ് ഐ. ഐ. ടി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ഇത് തീർത്തും വാസ്തവ വിരുദ്ധമാണ്. ജാതീയമായ വിവേചനങ്ങൾക്ക് കുട്ടി ഇരയായിട്ടുണ്ടെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ അദ്ധ്യാപകരടക്കമുള്ള കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ നടപടി സ്വീകരിക്കണം. ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭിക്കാൻ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും മന്ത്റി ആവശ്യപ്പെട്ടു.