ചെങ്ങന്നൂർ: ശബരിമലയിൽ വ്യാപാര സ്ഥാപനങ്ങളിലുൾപ്പെടെ ലേലത്തുകയിൽ 30 ശതമാനം ഇളവ് വേണമെന്ന ആവശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ചതോടെ മിക്ക ഇനങ്ങളിലും ലേലം കൊള്ളാൻ വ്യാപാരികൾ സന്നദ്ധരായി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ലേലം നടന്നത്. ലേലത്തുക കുറഞ്ഞെങ്കിലും വ്യാപാര സ്ഥാപനങ്ങൾ ലേലത്തിൽ പോയത് ദേവസ്വം ബോർഡിനും ആശ്വാസമായി.
ഒരു മാസം മുമ്പുതന്നെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും പാർക്കിംഗും പുഷ്പാഭിഷേകവും ഉൾപ്പെടെ 220ലധികം ഇനങ്ങളിലേക്ക് ഈ-ടെണ്ടർ ക്ഷണിച്ചിരുന്നു. എന്നാൽ, ഇതിൽ പങ്കെടുക്കാൻ ഭൂരിപക്ഷം വ്യാപാരികളും തയാറായില്ല. തുടർന്ന് നിരവധി തവണ ദേവസ്വം ആസ്ഥാനത്തുവച്ച് ഓപ്പൺ ലേലം നടത്തിയെങ്കിലും ലേലത്തുകയിൽ മാറ്റം വരുത്താൻ ദേവസ്വം ബോർഡ് തയാറാകാത്തതുമൂലം ലേലത്തിൽ നിന്ന് വ്യാപാരികൾ വിട്ടുനിന്നിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന ലേലത്തിൽ ദേവസ്വം ബോർഡ് നിലപാടിൽ അയവ് വരുത്തി 15 ശതമാനത്തിന്റെ കുറവ് വരുത്തി. അന്ന് പത്ത് ശതമാനത്തോളം ഇനങ്ങളെടുക്കാൻ വ്യാപാരികൾ തയാറായി. തുടർന്നാണ് ചൊവ്വാഴ്ച നടന്ന ലേലത്തിൽ 30ശതമാനത്തിന്റെ വരെ കുറവ് വരുത്തിയത്. ഇതോടെ ശബരിമലയിലെ പ്രധാന ഇനങ്ങളായ നാളികേരം, പുഷ്പാഭിഷേകം, നടപ്പന്തലിന് സമീപവും മാളികപ്പുറത്തിന് സമീപവും പാണ്ടിത്താവളത്തിലുമുള്ള ഹോട്ടൽ ഉൾപ്പെടെ മിക്ക കടകളും ലേലത്തിലെടുക്കാൻ വ്യാപാരികൾ രംഗത്തെത്തി.
കഴിഞ്ഞ വർഷം 6.36 കോടി രൂപയ്ക്ക് ലേലമെടുത്ത നാളികേരം ഇക്കുറി 1.21 കുറച്ച് 5.15 കോടി രൂപയ്ക്കാണ് മാർക്കറ്റ് ഫെഡ് ലേലം കൊണ്ടത്. പുഷ്പാഭിഷേകം ഇത്തവണ 1.48 കോടിരൂപയാണ് മിനിമം ക്വാട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ലേലത്തിൽ 1.28 കോടിവരെ ലേലത്തുക കുറച്ചെങ്കിലും ലേലത്തിൽ പങ്കെടുക്കാൻ ആരും തയാറായില്ല. ചൊവ്വാഴ്ച നടന്ന ലേലത്തിൽ 1.05 കോടിക്ക് ഗുരുവായൂർ സ്വദേശിയാണ് ലേലമെടുത്തത്. 1.72 കോടി രൂപയ്ക്ക് കഴിഞ്ഞ തവണ ലേലത്തിൽപോയ സന്നിധാനം വലിയ നടപ്പന്തലിന് സമീപത്തെ ഹോട്ടൽ ഇക്കുറി 59 ലക്ഷം കുറവിൽ 1.13 കോടിയ്ക്കാണ് ലേലം കൊണ്ടത്.
എന്നാൽ, സന്നിധാനം പാണ്ടിത്താവളത്തുള്ള 1.30 കോടിയ്ക്ക് ലേലത്തിൽപോയ ഹോട്ടലുൾപ്പെടെ നാലോളം ഹോട്ടലുകൾ ലേലം കൊള്ളാൻ ഇക്കുറി ആരും തയാറായില്ല. കഴിഞ്ഞ വർഷം 1.87 കോടിക്ക് പോയ പാക്കറ്റ് ഫുഡും ലേലത്തിന് എടുക്കാൻ ആരും വന്നില്ല. അതേസമയം, പമ്പയിലും നിലയ്ക്കലുമുള്ള ഭൂരിപക്ഷം കടകളും കഴിഞ്ഞ ദിവസം ലേലത്തിൽ പോയി. 1.32 കോടിവരെ കുറച്ച് വിളിച്ചെങ്കിലും ലേലം കൊള്ളാതിരുന്ന നിലയ്ക്കൽ പാർക്കിംഗ് ഫീസ് പിരിവ് ഒടുവിൽ 1.85 കോടിക്ക് ലേലം പോയത് ദേവസ്വം ബോർഡിന് ആശ്വാസമായി. ഇത് കഴിഞ്ഞ തവണത്തേതിനേക്കാൾ കുറവാണ്.
എല്ലാ വർഷവും പത്തുശതമാനം വീതം ലേലത്തുക വർദ്ധിപ്പിച്ചാണ് ലേല നടപടികൾ ബോർഡ് നടത്തിയിരുന്നത്. ഇത്തവണയും 10 ശതമാനം വർദ്ധിപ്പിച്ചെങ്കിലും കഴിഞ്ഞ വർഷത്തെ പ്രളയവും യുവതീ പ്രവേശന വിഷയം മൂലമുണ്ടായ പ്രശ്നങ്ങളും കാരണമുണ്ടായ നഷ്ടത്തിൽ നിന്ന് കരകയറാൻ ലേലത്തുകയിൽ 30 ശതമാനം കുറയ്ക്കണമെന്ന് വ്യാപാരികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം ആദ്യം അംഗീകരിക്കാൻ ദേവസ്വം ബോർഡ് തയാറായിരുന്നില്ല. തുടർന്നാണ് വ്യാപാരികൾ ഭൂരിപക്ഷവും ലേല നടപടികളിൽ നിന്ന് വിട്ടുനിന്നിരുന്നത്.