paravur
മണൽ വാരൽ തൊഴിലാളികൾ പട്ടിണിയിൽ

പരവൂർ: പരമ്പരാഗതമായി മണൽ വാരൽ തൊഴിലാക്കിയിരുന്ന കുടുംബങ്ങളുടെ ജീവിതം പ്രതിസന്ധിയിൽ. നഗരസഭാ പരിധിയിലെ പെരുമ്പുഴ ആലുവിള കടവിന് സമീപമുള്ള പട്ടികജാതി കുടുബങ്ങളിലെ തൊഴിലാളികളാണ് 6 വർഷമായി ദുരിതം അനുഭവിക്കുന്നത്. ഇത്തിക്കര ആറ്, പരവൂർ കായൽ എന്നിവിടങ്ങളിൽ നിന്നും മണൽ വാരി വിപണനം നടത്തിയാണ് ഇവർ ജീവിച്ചിരുന്നത്. നഗരസഭയിൽ നിന്നുള്ള അംഗീകൃത പാസുകളോടു കൂടി മണൽ വാരി വൃത്തിയാക്കി കരയ്ക്കെത്തിച്ചാണ് ഇവർ വിപണനം നടത്തിയിരുന്നത്. നൂറോളം വള്ളങ്ങളിലായി അഞ്ഞൂറോളം തൊഴിലാളികളാണ് ഇതിൽ നിന്ന് ഉപജീവനം കണ്ടെത്തിയിരുന്നത്. തൊഴിലില്ലായ്മയ്ക്കും പട്ടിണിക്കും പുറമേ കിടപ്പാടവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഇവരിപ്പോൾ. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആഹാരത്തിനും പോലും വരുമാനം കണ്ടെത്താൻ കഴിയാതെ വലയുകയാണ് മണൽ വാരൽ തൊഴിലാളികൾ. ദിവസവേതനത്തിന് തൊഴിൽ ചെയ്യുന്ന ഇവർക്ക് ബാങ്കുകളിൽ നിന്നുള്ള ജപ്തി ഒഴിവാക്കാനും നിവർത്തിയില്ലാത്ത അവസ്ഥയാണ്. കായൽ കരയിൽ കഴിയുന്ന ഇവർക്ക് മറ്റൊരു തൊഴിലും പരിചിതവുമല്ല.

പരിസ്ഥിതിയുടെ പേര് പറഞ്ഞ് സാധാരണക്കാരന്റെ നടു ഒടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ച് വരുന്നത്. ഇടത്തട്ടുകാരെ സഹായിക്കുന്ന ഈ നയം സർക്കാർ അടിയന്തരമായി തിരുത്തണം.

പരവൂർ മോഹൻദാസ് (നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് )

100 ഒാളം വള്ളങ്ങളിലായി 500ൽ അധികം തൊഴിലാളികളാണ് മണൽ വാരി ഉപജീവനം നടത്തിയിരുന്നത്

മണലൂറ്റലിന് നിരോധനം വന്നവഴി

പാവപ്പെട്ട തൊഴിലാളികൾ പാസോടുകൂടി മണൽ വാരുന്നതിന്റെ മറവിൽ മറ്റു ചിലർ പത്തും പതിനഞ്ചും കുതിരശക്തിയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് പരിസ്ഥിതിക്ക് ആഘാതം ഉണ്ടാകുന്ന തരത്തിൽ ജലാശയങ്ങളുടെ അടിത്തട്ടുകളിൽ നിന്ന്പോലും മണലൂറ്റാൻ ആരംഭിച്ചതോടെ കേരളമൊട്ടാകെ ജില്ലാഭരണകൂടങ്ങൾ മണൽ വാരലിനു നിരോധനം ഏർപ്പെടുത്തി. തുടർന്നാണ് പരമ്പരാഗത തൊഴിലാളികളുടെ ദുരിതം ആരംഭിച്ചത്. യന്ത്രവൽകൃത മണലൂറ്റൽ വ്യാപകമായതോടെയാണ് പരമ്പരാഗത തൊഴിൽ മേഖല പ്രതിസന്ധിയിലായത്. മണൽ മാഫിയകൾ സജീവമായതോടെയാണ് പൊലീസ്, ജിയോളജി വകുപ്പുകളുടെ നിരീക്ഷണം പ്രദേശത്ത് ശക്തമായത്. കിടപ്പാടങ്ങൾ പണയപ്പെടുത്തി വള്ളങ്ങൾ വാങ്ങി മണൽ വാരാനിറങ്ങിയവർ ഇതോടെ അത്മഹത്യയുടെ വക്കിലായി.