കൊല്ലം: മലയാളി വിദ്യാർത്ഥിനി ചെന്നൈ ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ പ്രൊഫസർ ഒളിവിൽ. കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ 173, കീലോൻതറയിൽ പ്രവാസിയായ അബ്ദുൽ ലത്തീഫിന്റെയും സജിതയുടെയും മകൾ ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള അദ്ധ്യാപകൻ മിസോറാമിലേക്ക് കടന്നതായാണ് സൂചന.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫാത്തിമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തന്റെ മരണത്തിന് കാരണം ഐ.ഐ.ടി യിലെ ഒരു പ്രൊഫസറാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഫാത്തിമയുടെ ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഫോണിലുണ്ടെന്നും കുറിപ്പിലുണ്ട്. മരിക്കുന്നതിന്റെ തലേദിവസം രാത്രി 9 മണിയോടെ ഫാത്തിമ മെസിലിരുന്ന് കരയുന്നത് കണ്ടതായി സഹപാഠികൾ മൃതദേഹം ഏറ്റുവാങ്ങാൻ പോയ കുടുംബസുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഐ.ഐ.ടിയിലെ നിരവധി വിദ്യാർത്ഥികൾ ഫാത്തിമയുടെ ബന്ധുക്കളെ വിളിച്ച് അവിടെ നടക്കുന്ന പീഡനത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ആരോപണ വിധേയനായ പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫാത്തിമയുടെ ബന്ധുക്കൾ ഐ.ഐ.ടി ഡയറക്ടർക്ക് പരാതി നൽകി. കോട്ടൂർപുരം പൊലീസാണ് കേസന്വേഷിക്കുന്നത്. ഫാത്തിമയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരളമുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് പുറമെ ഫാത്തിമയുടെ രക്ഷാകർത്താക്കൾ തമിഴ്നാട് മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്.