dharna
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാർച്ച് ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിടുന്ന മോദി സർക്കാരിനെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഷാനിമോൾ ഉസ്മാൻ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് മോദി ഭരണം സൃഷ്ടിക്കുന്ന ഫാസിസത്തിന്റെ ഇരയാണെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഫാത്തിമ ഐ.ഐ.ടിയിൽ പ്രവേശനം നേടിയത്. എന്നാൽ ദളിത്,ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് രാജ്യത്തെ പല സർവകലാശാലകളിലും പഠിക്കാൻ കഴിയാത്ത അവസ്ഥയാണ്. കോൺഗ്രസ് രാജ്യം ഭരിക്കുമ്പോൾ ഒരു വിദ്യാർത്ഥിക്കും ഇത്തരത്തിലുള്ള വിവേചനം നേരിടേണ്ടി വന്നിട്ടില്ല. മോദി ഭരണത്തിൽ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും അട്ടിമറിക്കപ്പെടുകയാണെന്നും ഷാനിമോൾ പറഞ്ഞു..
സി.സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറി ജി.രതികുമാർ, നേതാക്കളായ എൻ. അഴകേശൻ, കല്ലട രമേശ്, കെ. സുരേഷ് ബാബു, എ.കെ. ഹഫീസ്, സി.ആർ.നജീബ്, തങ്കച്ചി പ്രഭാകരൻ, രമാരാജൻ, മോഹൻശങ്കർ, സൂരജ് രവി, എസ്. വിപിനചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി നായർ, പി. ജർമിയാസ്, ചിറ്റുമൂല നാസർ, കെ.ജി. രവി, ബിന്ദുജയൻ, പ്രേംരാജ്, ബിജു ലൂക്കോസ്, ശിവാനന്ദൻ, ചക്കിനാൽ സനൽകുമാർ, വൈ. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ചിൽ ആയിരകണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു.