കൊല്ലം: ചവറ പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ വൃശ്ചികം 12ന് നടക്കുന്ന പ്രസിദ്ധമായ വൃശ്ചിക പൊങ്കാലയ്ക്കുള്ള ഒരുക്കം തകൃതിയായി പുരോഗമിക്കുന്നു. മുൻ വർഷങ്ങളിലേത് പോലെ ദേവീകടാക്ഷത്തിനായി വൃശ്ചിക പൊങ്കാല അർപ്പിക്കാൻ ചലച്ചിത്രതാരങ്ങളടക്കം ആയിരക്കണക്കിന് സ്ത്രീകൾ എത്തും.
രാവിലെ 7ന് ചലച്ചിത്ര താരം ഭാമ പൊങ്കാലയ്ക്ക് ഭദ്രദീപം തെളിയിക്കും. തുടർന്ന് ക്ഷേത്ര ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദീപം ക്ഷേത്രം തന്ത്രി ഉണ്ണിക്കൃഷ്ണൻ പണ്ടാര അടുപ്പിലേക്ക് പകരും. തൊട്ടുപിന്നാലെ ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് പകരുമ്പോൾ ക്ഷേത്രസന്നിധിയാകെ ദേവീ സ്തുതികളാൽ മുഖരിതമാകും. പന്ത്രണ്ട് വിളക്ക് പൂജയോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ കുടിലുകളിൽ ഭജനം പാർക്കുന്ന ആയിരത്തോളം കുടുംബങ്ങൾക്ക് പുറമെ ആയിരക്കണക്കിന് ഭക്തർ പൊങ്കാല അർപ്പിക്കാനും എത്തുമെന്നാണ് പ്രതീക്ഷ.
ക്ഷേത്രത്തിലെ തിരുമുടി പുരയ്ക്ക് മുന്നിലും നിത്യേന പൊങ്കാലയുണ്ട്. ഇതിനായി നൂറ് കണക്കിന് ഭക്തർ എത്തുന്നുണ്ട്. പുലർച്ചെ തുടങ്ങുന്ന പൊങ്കാല ശ്രീകോവിൽ അടയ്ക്കുന്നത് വരെയും വൈകിട്ട് ആരംഭിക്കുന്ന പൊങ്കാല, രാത്രി ശ്രീകോവിൽ അടയ്ക്കുന്നതു വരെയും തുടരും. ശർക്കര പായസം, പാൽപായസം, അറുനാഴി നിവേദ്യം എന്നിവ ദേവിയുടെ ഇഷ്ടവഴിപാടുകളാണ്. ശാന്തിക്കാർ മുടിപ്പുരയ്ക്ക് മുന്നിലെത്തി പൊങ്കാല നിവേദിച്ച് കഴിയുമ്പോൾ അമ്മയ്ക്ക് മുന്നിൽ പ്രാർത്ഥനകളുമായെത്തുന്ന മറ്റുള്ളവർക്കും പൊങ്കാല പായസം നൽകിയിട്ടേ ഭക്തർ മടങ്ങുകയുള്ളു.
വൃശ്ചിക പൊങ്കാലയ്ക്ക് ഇനി രണ്ടാഴ്ചയോളമുണ്ടെങ്കിലും പൊങ്കാല അർപ്പിക്കാനുള്ള മൺകലങ്ങൾ ക്ഷേത്രത്തിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. ഭക്തരുടെ സുരക്ഷയ്ക്കായി ഫയർഫോഴ്സ്, പൊലീസ്, മെഡിക്കൽ സംഘങ്ങളും സ്ഥലത്തുണ്ടാകും. പന്ത്രണ്ട് വിളക്കിനോടനുബന്ധിച്ച് വൃശ്ചികം ഒന്നു മുതൽ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകളും ഇവിടേക്ക് ഉണ്ടാകും.