പുനലൂർ: പുനലൂർ കെ.എസ്.ആർ.ടി.സി.ബസ് ഡിപ്പോയിൽ നിന്ന് കൊട്ടാരക്കര ഡിപ്പോയിലേക്ക് മാറ്റിയ സൂപ്പർ ഫാസ്റ്റ് പാസഞ്ചർ തികെ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ എ.ടി. ഓഫിസ് ഉപരോധിച്ചു. വർഷങ്ങളായി പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലാഭകരമായ നിലയിൽ സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസാണ് കൊട്ടാരക്കര ഡിപ്പോയിലേക്ക് മാറ്റിയത്. ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ പരിഷ്ക്കരണത്തെ തുടർന്ന് കുറച്ച് നാളായി ബസ് ഓടാതെ കിടന്നു. ഇതിനിടെ ബസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കൊണ്ട് പോകാനുളള ശ്രമം സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു ഇടപെട്ട് നേരത്തെ തടഞ്ഞിരുന്നു. എന്നാൽ ചൊവ്വാഴ്ച അധികൃതർ ബസ് കൊട്ടാരക്ക ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു.സംഭവം അറിഞ്ഞു രാത്രി 8മണിയോടെ പ്രവർത്തകർ എ.ടി. ഓഫീസ് ഉപരോധിക്കുകയായിരുന്നു. തുടർന്ന് സി.പി.ഐ നേതാക്കളായ സി. അജയപ്രാസദ്, കെ. രാധാകൃഷ്ണൻ,ജെ. ഡേവിഡ് തുടങ്ങിയവരും, പുനലൂർ എസ്.ഐ. ജെ. രാജീവിന്റെ നേതൃത്വത്തിലുളള പൊലീസും സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കൊട്ടാരക്കരയിൽ നിന്ന് കോഴിക്കോട്ട് സർവീസിന് അയച്ച ബസ് തിരികെ വരുമ്പോൾ പുനലൂർ ഡിപ്പോയിൽ എത്തിക്കാം എന്ന ഉറപ്പിൻമേലാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. പ്രവീൺകുമാർ, മണ്ഡലം സെക്രട്ടറി ഐ. മൺസൂർ, ജ്യോതികുമാർ, ശരത്കുമാർ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.