തദ്ദേശ സ്ഥാപനങ്ങളുടെ തെരുവ് നായ വന്ധ്യംകരണ പദ്ധതികൾ സ്തംഭനാവസ്ഥയിൽ
കൊല്ലം: കൊട്ടിയത്തും പരിസര പ്രദേശങ്ങളിലും പൊതുജനങ്ങൾക്ക് നിരത്തിലിറങ്ങാനാകാത്ത വിധം തെരുവ് നായ്ക്കളു
ടെ ശല്യം രൂക്ഷമാകുന്നെന്ന് പ്രദേശവാസികളുടെ പരാതി. യാത്രക്കാരിൽ ഭീതി പരത്തി റോഡുകളെല്ലാം തെരുവ് നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തെരുവ് നായ വന്ധ്യംകരണ പദ്ധതി സ്തംഭിച്ചതാണ് സ്ഥിതി ഇത്രയധികം രൂക്ഷമാകാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്.
റോഡു വക്കുകളിലെ മാലിന്യക്കൂനകൾക്ക് സമീപമാണ് തെരുവ് നായ്ക്കൾ പ്രധാനമായും തമ്പടിക്കുന്നത്. ഒരേ നായ തന്നെ ഒന്നിലധികം ആളുകളെ തുടർച്ചയായി ആക്രമിക്കുന്നതും വഴിയാത്രക്കാരെ കൂട്ടത്തോടെ ആക്രമിക്കുന്നതും പതിവ് സംഭവമാണ്. അതുകൊണ്ട് തന്നെ സ്ത്രീകളും കുട്ടികളും നിരത്തിലിറങ്ങാൻ ഭയപ്പെടുകയാണ്. അടുത്ത വർഷം മുതൽ മയ്യനാട് പഞ്ചായത്തിൽ എ.ബി.സി പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുമെന്നാണ് അധികൃതരുടെ വാദം.
ഇരുചക്ര വാഹന യാത്രികർ സൂക്ഷിക്കുക
ഇരുചക്ര വാഹനങ്ങളുടെ പിന്നാലെയോടി യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നതും മറ്റുള്ളിടങ്ങളിലേത് പോലെ ഇവിടുത്തെ നായകളുടെയും സ്ഥിരം ലീലാവിലാസമാണ്. പകൽസമയത്ത് ഒഴിഞ്ഞ സ്ഥലങ്ങളിൽ തങ്ങുന്ന തെരുവ് നായ്ക്കൾ സന്ധ്യമയങ്ങുമ്പോഴാണ് നിരത്തിലേക്കിറങ്ങുന്നത്.
മാലിന്യ നിക്ഷേപം
രാത്രിയാകുമ്പോൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണവുമായി വാഹനങ്ങളിൽ മാലിന്യ നിക്ഷേപകരെത്തും. പ്രഭാതസവാരിക്കാർ കൈയിൽ വടിയുമായാണ് ഇപ്പോൾ നടക്കാനിറങ്ങുന്നത്.
കൊട്ടിയം, മയ്യനാട്, തൃക്കോവിൽവട്ടം പഞ്ചായത്തുകളുടെ പരിധിയിലാണ് കൊട്ടിയവും പരിസര പ്രദേശങ്ങളും. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ തെരുവ് നായ വന്ധ്യംകരണത്തിന് മൂന്ന് പഞ്ചായത്തുകളും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി നടക്കുന്നില്ല.
കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് ഇപ്പോൾ തെരുവ് നായ വന്ധ്യംകരണം നടക്കാത്തത്. മഴ സമയത്ത് വന്ധ്യംകരണം നടത്തിയാൽ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അടുത്ത വർഷം മുതൽ മയ്യനാട് പഞ്ചായത്തിൽ എ.ബി.സി പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും.
യു. ഉമേഷ് (മയ്യനാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ)