കൊട്ടാരക്കര: തൃക്കണ്ണമംഗൽ കല്ലമൺ ഏലാ പച്ചപ്പിന്റെ സമൃദ്ധിയിലേക്ക്. മൂന്ന് പതിറ്റാണ്ടായി തരിശ് കിടന്ന 40 ഏക്കർ പാടത്താണ് നെൽക്കൃഷിക്കായി വിത്തെറിഞ്ഞത്. കൂട്ടായ്മയിലൂടെ ഇവിടെ കാർഷിക മേഖലയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുകയാണ്. പാണ്ടിവയൽ ഏലായോട് ചേർന്ന് കിടക്കുന്നതാണ് കല്ലമൺ ഏലാ. പാണ്ടിവയൽ ഏലായിൽ കഴിഞ്ഞ വർഷംതന്നെ നെൽക്കൃഷി തുടങ്ങിയതാണ്. ഇത് വലിയ വിജയമാവുകയും ചെയ്തു.
സമീപത്ത് തന്നെയുള്ള പറയാട്ട് ഏലായിലെ 30 ഏക്കർ പാടത്തും ഉടൻ നെൽക്കൃഷി തുടങ്ങുന്നുണ്ട്. ഈ മേഖലയിൽ പതിറ്റാണ്ടുകളായി നെൽക്കൃഷി ഇല്ലാതെ ഏലാകൾ തരിശ് കിടന്ന് നശിക്കുകയായിരുന്നു. തുടർന്ന് നഗരസഭയും കൃഷിവകുപ്പും കൈകോർത്ത് നാട്ടുകാരുടെയും പാടശേഖര സമിതിയുടെയും സഹകരണത്തോടെ മണ്ണിൽ പൊന്ന് വിളയിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളുമായി യോജിപ്പിച്ചാണ് നെൽക്കൃഷി നടത്തുന്നത്. നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനായി തുക നീക്കിവച്ചിട്ടുമുണ്ട്. വിത്തും വളവും മറ്റ് സൗകര്യങ്ങളുമൊക്കെ പദ്ധതികളുടെ ഭാഗമായി ലഭിച്ചു.
പി.ഐഷാപോറ്റി എം.എൽ.എ വിത്ത് വിതയ്ക്കൽ ഉത്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളഅമ്മ, വൈസ് ചെയർമാൻ ഡി. രാമകൃഷ്ണപിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. മുകേഷ്, എസ്.ആർ. രമേശ്, കൗൺസിലർമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖര സമിതി പ്രവർത്തകർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പതിറ്റാണ്ടുകൾ കൃഷി നടത്താതെ തരിശ് ഇട്ടിരുന്നതിനാൽ കൃഷിയ്ക്ക് പുതിയ മണ്ണിന്റെ ഗുണം കിട്ടുമെന്നാണ് പഴയ കൃഷിക്കാർ പറയുന്നത്. നാടിന്റെ ഉത്സവമാക്കി കളപറിയ്ക്കലും കൊയ്ത്തുമൊക്കെ നടത്താനാണ് തീരുമാനം.