rishi
ജില്ലയിലെ കോടതികളിൽ വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രവർത്തനം വിലയിരുത്താൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്

# പ്രതികളെ ഇനിമുതൽ നേരിട്ട് കോടതികളിൽ ഹാജരാക്കണ്ട

# പ്രതികൾക്ക് കോടതി വരാന്തകളിൽ മയക്കുമരുന്ന്,മൊബൈൽ ഫോൺ എന്നിവ കൈമാറുന്നത് ഒഴിവാക്കാം

# സുരക്ഷാ വീഴ്ചകൾക്കും സാമ്പത്തിക ചെലവിനും ശാശ്വതമായ പരിഹാരമാകും

കൊല്ലം: ജില്ലയിലെ 33 കോടതികളിലും ഉടൻ വീഡിയോ കോൺഫറൻസ് സംവിധാനം നിലവിൽ വരും. ഇതോടെ മുഴുവൻ കോടതികളിലും വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ജില്ലയായി കൊല്ലം മാറും.
സംസ്ഥാനത്തെ എല്ലാ കോടതികളിലും ഈ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രവർത്തനം വിലയിരുത്താൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
വീഡിയോ കോൺഫറൻസ് സംവിധാനം വരുന്നതോടെ പ്രതികളെ റിമാൻഡ് കസ്​റ്റഡിക്കായി നേരിട്ട് കോടതികളിൽ ഹാജരാക്കണ്ട. പകരം ജയിലിലും കോടതിയിലും സ്ഥാപിച്ച ക്യാമറകൾ വഴി വീഡിയോ കോൺഫറൻസിലൂടെ പ്രതിയുടെ മൊഴി രേഖപ്പെടുത്തുകയും അതിന്മേൽ കോടതിക്ക് വിധി പുറപ്പെടുവിക്കാനും സാധിക്കും.
ജില്ലയിലെ 33 കോടതികളിൽ 26 എണ്ണത്തിൽ വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. ഏഴിടങ്ങളിൽ കൂടി ഉടൻ പൂർത്തിയാക്കും. ഒരു പ്രതിയെ കോടതിയിൽ ഹാജരാക്കാൻ രണ്ട് പൊലീസുകാരുടെ സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. ജയിലിൽ കഴിയുന്ന പ്രതികളുമായി കോടതിയിൽ എത്തുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള സുരക്ഷാ വീഴ്ചകൾക്കും സാമ്പത്തിക ചെലവിനും ഇതോടെ പരിഹാരമാകും.
കോടതിയിൽ ഹാജരാക്കുന്ന പ്രതികൾക്ക് കോടതി വരാന്തകളിൽ മയക്കുമരുന്ന്, മൊബൈൽ ഫോൺ എന്നിവ കൈമാറുന്ന സാഹചര്യം ഒഴിവാക്കാനും ഈ സംവിധാനം വഴി സാധിക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പറഞ്ഞു. സംസ്ഥാനത്താകെ 15 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം വരെയുള്ള 151 കോടതികളിൽ ഡിസംബറിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും.