photo
ചിറയിൽ കുളം മാലിന്യ നിറഞ്ഞ നിലയിൽ

കുണ്ടറ : കുണ്ടറ പഞ്ചായത്തിലെ വിളപ്പിൽശാലയായി മാറുകയാണ് ഒൻപതാം വാർഡിലെ ചിറയിൽ കുളം. ഇളമ്പള്ളൂർ ജുമാ മസ്ജിദിന് സമീപത്തെ പഞ്ചായത്ത് കുളമാണ് മാലിന്യം നിറഞ്ഞ് പായൽ കയറി നശിക്കുന്നത്. പകൽ സമയത്ത് പോലും ഇവിടെ കൊതുക് ശല്യം രൂക്ഷമാണ്. ജൈവമാലിന്യങ്ങൾ അടിഞ്ഞകൂടി അഴുകിയതിനാൽ വെള്ളത്തിന്‌ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങളിലെത്തുന്നവർ മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി കുളത്തിലേക്ക് വലിച്ചെറിയുകയാണെന്ന് സമീപവാസികൾ പറയുന്നു. കുളത്തിൽ നിന്നുള്ള ഓടകൾ മണ്ണ് മൂടി അടഞ്ഞതിനാൽ കുളത്തിലെ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് സമീപവാസികൾ കുടിക്കാനുൾപ്പെടെ ഉപയോഗിച്ചിരുന്ന കുളമാണ് ഇപ്പോൾ അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്. നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതിപ്പെട്ടെങ്കിലും കുളം വൃത്തിയാക്കാനോ ഓടകളിലെ മണ്ണ് മാറ്റാനോ യാതൊരു നടപടിയും ഉണ്ടായില്ല. ബന്ധപ്പെട്ട ആധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു. കുളം ശുചീകരിച്ച് ആഴംകൂട്ടി വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കി മൈനർ ഇറിഗേഷൻ വകുപ്പിന് നൽകിയിട്ടുണ്ട്. ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

കുളത്തിലെ ജലം മലിനമാകാൻ പ്രധാന കാരണം ഓടകളിൽ മണ്ണ് അടിഞ്ഞു കിടക്കുന്നതാണ്. കുണ്ടറ പഞ്ചായത്തിന്റെ അതിർത്തി വരെയുള്ള ഭാഗത്തെ ഓടകളിലെ മണ്ണ് നീക്കാനും പെരിനാട് പഞ്ചായത്തിലെ ഓട വൃത്തിയാക്കാനുമായി കുണ്ടറ പഞ്ചായത് കമ്മിറ്റിയിൽ റെസല്യൂഷൻ പാസാക്കി പെരിനാട് പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചിരിക്കുകയാണ്.

വാർഡ് മെമ്പർ വിനോദ്‌കുമാർ (ഓമനക്കുട്ടൻ)