a
ഇരുമ്പനങ്ങാട് എ. ഇ.പി. എം എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ സമാഹരിച്ച തുക ജയകുമാറിന് കെ. മോനച്ചൻ കൈമാറുന്നു

എഴുകോൺ: അപകടത്തിൽ ശരീരം തളർന്ന പിതാവിന്റെ ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന സഹപാഠിക്ക് കൈത്താങ്ങായി ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ. കൂലിപ്പണിക്കിടെ ഉണ്ടായ അപകടത്തിലാണ് വെളിയം സ്വദേശി ജിഷ്ണുവിന്റെ പിതാവ് ജയകുമാറിനെ വിധി തളർത്തിയത്. ചുമട്ടുതൊഴിലാളിയായ ജയകുമാറിന്റെ മുതുകിൽ ചാക്കുകെട്ട് വീണ് നട്ടെല്ല് ഓടിയുകയയിരുന്നു. ശരീരം പൂർണമായും തളർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയകുമാറിന്റെ ചികിത്സയ്ക്ക് ബുദ്ധിമുട്ടിയ ജിഷ്ണുവിനെ സഹായിക്കാനായി സ്കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങൾ മുന്നോട്ടുവരികയായിരുന്നു.

ഇവർ മറ്റ് കുട്ടികളിൽ നിന്ന് സമാഹരിച്ച തുക പ്രോഗ്രാം ഒഫീസർ കെ. മോനച്ചൻ, വോളണ്ടിയേഴ്സായ ശ്രേയ, ആതിര, പ്രവീണ അനന്ദു എന്നിവർ ചേർന്ന് ആശുപത്രിയിൽ എത്തി ജയകുമാറിന് കൈമാറി. പി.ടി.എയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്താൽ ജിഷ്ണുവിന്റെ കുടുംബത്തിന് കൂടുതൽ സഹായം എത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വിദ്യാർത്ഥികൾ.